ചാത്തന്നൂരിൽ ചാക്കുനിറയെ വ്യാജ വിദേശ മദ്യം !  കണ്ടെത്തിയത് തോട്ടിലെ വെള്ളം നിറഞ്ഞ കുഴിയിൽ

Tuesday 24 January 2023 12:31 AM IST
ഉളിയനാട് തേമ്പ്ര ഭാഗത്ത് തോടിനോട് ചേർന്ന് മണൽ വാരിയ കുഴിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ വ്യാജ വിദേശമദ്യം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഉളിയനാട്ട് വ്യാജ വിദേശ മദ്യത്തിന്റെ വൻ ശേഖരം കണ്ടെത്തി.

ഉളിയനാട് തേമ്പ്ര ഭാഗത്ത് തോടിനോട് ചേർന്ന് മണൽ വാരിയ കുഴിയിൽ ഒളിപ്പിച്ച നിലയിൽ 148 കുപ്പികളിലായിട്ടാണ് വ്യാജ മദ്യം കണ്ടെത്തിയത്. തേമ്പ്രയിലും പരിസരത്തെയും യുവാക്കൾ മീൻ പിടിക്കാനായി മണൽ വാരിയ കുഴിയിലിറങ്ങിപ്പോൾ ചാക്ക് കെട്ട് കൈയിൽ തടഞ്ഞു. തുടർന്ന് ചാക്ക് കെട്ട് കരയ്ക്ക് കയറ്റി പരിശോധിച്ചപ്പോഴാണ് മദ്യം നിറച്ച കുപ്പികൾ കണ്ടെത്തിയത്. ഉടൻ തന്നെ യുവാക്കൾ ചാത്തന്നൂർ എക്സൈസ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യം നിറച്ച രണ്ട് ചാക്ക്കെട്ടുകൾ കൂടി കുഴിയിൽ നിന്ന് കണ്ടെത്തി. എക്സൈസ് കസ്റ്റഡിയിലെടുത്ത മദ്യം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ കെമിക്കൽ ലാബോറട്ടറിയിലേയ്ക്ക് അയച്ചു.

തേമ്പ്ര ഭാഗങ്ങളിൽ വ്യാജ മദ്യം വ്യാപകമായി എത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം നടന്നുവരുന്നതിനിടെയാണ് വെള്ളത്തിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ വ്യാജ മദ്യം കണ്ടെത്തിയിരിക്കുന്നത്. പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങിയതായി കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു.

റേഞ്ച്എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ആർ.ജി.വിനോദ്, എ.ഷിഹാബുദീൻ, അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഒ.എസ്.വിഷ്ണു ,പ്രശാന്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു.