നാടിന്റെ തേങ്ങലായി അമൽ

Tuesday 24 January 2023 12:36 AM IST

 അമ്പലപ്പുഴ വാഹനാപകടത്തിൽ മരിച്ച അമലിന് വീട്ടുവളപ്പിൽ അന്ത്യവിശ്രമം

കൊല്ലം : അമ്മേ ഞങ്ങൾ വീട്ടിലേക്ക് വരുന്നു... അമലിൽ നിന്ന് അമ്മ രാധാമണി അവസാനമായി കേട്ട വാക്കുകൾ ഇതായിരുന്നു. എന്നാൽ, മകനെയും കൂട്ടുകാരെയും കാത്തിരുന്ന അമ്മയുടെ കാതുകളിലേക്ക് പിന്നീട് എത്തിയത് മകന്റെ വിയോഗവാർത്തയായിരുന്നു. അമ്പലപ്പുഴ റെയിൽ ഓവർ ബ്രിഡ്ജിൽ കാറും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ അമലും (26) ഉണ്ടായിരുന്നു. മൺറോത്തുരുത്ത് കിടപ്രം വടക്ക് അരുൺ ഭവനിൽ പരേതനായ അനിരുദ്ധന്റെയും രാധാമണിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് അമൽ. ഐ.എസ്.ആർ.ഒ കാന്റീനിൽ ജോലി നോക്കിയിരുന്ന അമൽ, തിരുവനന്തപുരത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം എറണാകുളത്തെ കൂട്ടുകാരനെ യാത്രയാക്കാൻ പോയതായിരുന്നു.

അമലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അമ്പലപ്പുഴ റെയിൽ ഓവർ ബ്രിഡ്ജിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അമൽ ഉൾപ്പെടെ 6 പേരും മരണമടഞ്ഞു. സുഹൃത്തുക്കൾ തത്ക്ഷണം മരിച്ചപ്പോഴും അമലിന്റെ ജീവൻ നിലച്ചത് ആശുപത്രിയിൽ വച്ചാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ അമലിന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഇതോടെ ഏറെ പ്രാരാബ്ദങ്ങൾ സഹിച്ചാണ് രാധാമണി അമലിനെയും മൂത്തമകൻ അരുണിനെയും വളർത്തിയത്. അരുൺ എസ്.സി പ്രൊമോട്ടറായി മൈനാഗപ്പള്ളിയിൽ ജോലി ചെയ്യുന്നു. അരുണിന്റെ വിവാഹ നിശ്ചയം രണ്ടാഴ്ച മുമ്പ് നടന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് ഇടിത്തീ പോലെ ഇളയ മകൻ അമലിന്റെ മരണവാർത്തയെത്തിയത്. വിപുലമായ സുഹൃദ് വലയത്തിന് ഉടമയായിരുന്ന അമലിന്റെ വിയോഗം നാടിനെ ദുഖക്കടലാക്കി.

അപകടവാർത്ത അറിഞ്ഞതുമുതൽ സുഹൃത്തുക്കൾ അമലിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Advertisement
Advertisement