നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും, കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

Tuesday 24 January 2023 7:38 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. ഡോക്യുമെൻററിക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ്. 2019ലെ തിരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന.

എന്നാൽ, ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല എന്നാണ് അമേരിക്കയുടെ പ്രതികരണം. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഇതിൽ മാറ്റം ഉണ്ടാകുമ്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ട് എന്നും അമേരിക്ക വ്യക്തമാക്കി.

ഡോക്യുമെൻററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദർശിപ്പിക്കാൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നെങ്കിലും സർവകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്.

അതേസമയം, ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.