വിദ്യാർത്ഥികൾ ക്ലാസ് മുറിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സീലിംഗ് പൊളിഞ്ഞുവീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Tuesday 24 January 2023 10:04 AM IST
കൊല്ലം: വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ക്ലാസ് മുറിയിലെ സീലിംഗ് പൊളിഞ്ഞുവീണു. കൊല്ലം തേവള്ളി ബോയ്സ് ഹൈസ്കൂളിലാണ് സംഭവം. നിരവധി തവണ പരാതി നൽകിയിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്താൻ കോർപ്പറേഷൻ തയ്യാറായിട്ടില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.
ഉച്ചയ്ക്ക് 12.30നാണ് ഏഴാം ക്ലാസിലെ പിവിസി സീലിംഗ് തകർന്ന് വീണത്. ഈ സമയം 15 കുട്ടികളും രണ്ട് അദ്ധ്യാപകരും ക്ലാസിലുണ്ടായിരുന്നു. കട്ടികുറഞ്ഞ ഷീറ്റായതിനാൽ ഇവർക്ക് ഗുരുതരമായ പരിക്കുകളുണ്ടായില്ല. ഒരു വശത്തുള്ള ഷീറ്റുകൾ പൂർണമായും നിലംപൊത്തി. വർഷങ്ങൾക്ക് മുമ്പ് സ്കൂളിലെ പത്താംക്ലാസിലെ സീലിംഗും തകർന്ന വീണിരുന്നു. ഇത് പുതുക്കിപണിയാനും ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള സർക്കാർ സ്കൂളുകളിലൊന്നാണ് തേവള്ളി ബോയ്സ് ഹൈസ്കൂൾ.