ഇൻസ്റ്റഗ്രാമിൽ  ലൈവിട്ട്  യുവാവ് സ്വന്തം വീടിന്  തീയിട്ടു, വൈറലായപ്പോൾ ഓടി രക്ഷപ്പെട്ടു, ഫയർ ഫോഴ്‌സെത്തി തീയണച്ചു

Tuesday 24 January 2023 10:28 AM IST

അടിമാലി: സാമൂഹ്യമാദ്ധ്യമത്തിലൂടെ ലൈവ് നൽകി സ്വന്തം വീട് യുവാവ് തീ ഇട്ട് നശിപ്പിച്ചു. പത്താം മൈൽ മുക്കിൽ പുത്തൻപുരയ്ക്കൽ ഡാനിയലിന്റെ വീടാണ് ഡീസൽ ഒഴിച്ച് തീ ഇട്ട് നശിപ്പിച്ചത്. മകൻ ഡെൽമനാണ് വീടിന് തീയിട്ടതെന്ന് ഡാനിയലിന്റെ ഭാര്യ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഡെൽമൻ ഇൻസ്റ്റഗ്രാമിൽ വീട് കത്തുന്നതിന്റെ ലൈവ് വീഡിയോ ഇടുകയായിരുന്നു. വീട്ടിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ചാണ് തീയിട്ടത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഡെൽമൻ ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ ഡാനിയൽ വെള്ളം കൊണ്ടുവന്ന് തീ അണച്ചു.

വിവരമറിയിച്ചതിനെ തുടർന്ന് അടിമാലിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയാണ് തീ പൂർണ്ണമായി അണച്ചത്. വീട് ഭാഗികമായി കത്തി നശിച്ചു. അയൽവാസിയായ നെടിയകാലായിൽ രതീഷിന്റെ വീടിന്റെ സമീപത്തും ഇയാൾ രാവിലെ ഡീസൽ ഒഴിച്ചിരുന്നു. എന്നാൽ രതീഷ് സംഭവം അപ്പോൾ തന്നെ അറിഞ്ഞതിനാൽ ദുരന്തം ഒഴിവായി. മകൻ ഡെൽമൻ നാളുകളായി വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായി മാതാവ് പറഞ്ഞു.

എന്നാൽ പുലർച്ചെ വീടിന് തീ ഇടാൻ മാത്രം പ്രകോപനപരമായ യാതൊരു സംഭവവും ഉണ്ടായില്ല. ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞെന്ന് പൊലീസ് അറിയിച്ചു. അടിമാലി എസ്.ഐ പി.ഡി. ജൂഡിയുടെ നേത്യത്വത്തിൽ പൊലീസെത്തി തിരഞ്ഞെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബന്ധുക്കൾക്ക് പരാതി ഇല്ലെന്നും അതിനാൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അടിമാലി അഗ്നിരക്ഷാ നിലയം ഓഫീസർ പ്രഘോഷ്, ഫയർ ഓഫീസർമാരായ അഭിഷേക്, ജെയിംസ്, ജിൽസൺ, രാഹുൽ രാജ്, സനീഷ്, രാഗേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.