നേപ്പാളിൽ നിക്ഷേപത്തിന് വൻ സാദ്ധ്യത: നേപ്പാൾ സാമ്പത്തികകാര്യ മന്ത്രി

Wednesday 25 January 2023 1:34 AM IST
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ചർച്ചയിൽ നേപ്പാൾ സാമ്പത്തികകാര്യ മന്ത്രി നിത പൊഖ്രേൽ ആര്യാൽ സംസാരി​ക്കുന്നു

തിരുവനന്തപുരം: നേപ്പാളിൽ നിക്ഷേപത്തിന് വൻ സാദ്ധ്യതകളാണുള്ളതെന്നും ഊർജ്ജസ്വലരായ യുവതലമുറയാണ് നേപ്പാളിന്റെ പ്രത്യേകതയെന്നും നേപ്പാൾ സാമ്പത്തികകാര്യ മന്ത്രി നിത പൊഖ്രേൽ ആര്യാൽ പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

നേപ്പാളിൽ വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ ആക്സസും നേപ്പാളിന്റെ സവിശേഷതയാണെന്നും നിത ചൂണ്ടിക്കാട്ടി.

ഐ.ടി വികസനം അടക്കമുള്ള കാര്യങ്ങൾക്ക് നേപ്പാൾ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ഡോ.ശങ്കർപ്രസാദ് ശർമ്മ പറഞ്ഞു. കേരളവും നേപ്പാളും തമ്മിൽ അക്കാഡമിക് വിദഗ്ദ്ധരുടെ സേവനം പരസ്പരം പ്രയോജനപ്പെടുത്തുന്നതും ആലോചിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മുൻ അംബാസ‌ഡർ ടി.പി.ശ്രീനിവാസൻ,​ ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,​ ടി.എം.എ പ്രസിഡന്റ് സി.പദ്മകുമാർ,​ എഫ്.ഐ.ഐ കേരള ആൻഡ് ട്രേഡ് കോ ഓർഡിനേറ്റർ ബദറുദീൻ മുഹമ്മദ്,​ എഫ്.സി.എ ട്രഷറർ എം.ആർ.ര‌ഞ്ജിത്ത് കാർത്തികേയൻ,​ ടി.എം.എ സെക്രട്ടറി വിംഗ് കമാൻഡർ രാഗശ്രീ ഡി.നായർ തുടങ്ങിയവർ സംസാരിച്ചു.