ബിബിസി ‌ഡോക്യുമെന്ററി പ്രദർശനം സംസ്ഥാനത്ത് ആരംഭിച്ചു; തിരുവനന്തപുരത്തും പാലക്കാട്ടും വയനാട്ടിലും സംഘർഷം

Tuesday 24 January 2023 7:32 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന തരത്തിലുള‌ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ സംസ്ഥാനത്തെ പ്രദർശനം ആരംഭിച്ചു. ഇടത് സംഘടനകളും കോൺഗ്രസ് സംഘടനകളും സംസ്ഥാനത്ത് പലയിടങ്ങളിലായി പ്രദർശനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ലോ കോളേജ് ജംഗ്‌ഷൻ, മാനവീയം വീഥി, പൂജപ്പുര എന്നിവിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്ന് ബിജെപി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. പൂജപ്പുര-തിരുമല റോഡിൽ ബിജെപിയുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

പൊലീസ് ബാരിക്കേഡ് തീർത്ത് ജലപീരങ്കി പ്രയോഗിച്ചു. ഏഴ് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിൻതിരിഞ്ഞിട്ടില്ല. വയനാട്ടിൽ കൽപ്പറ്റയിൽ ഡോക്യുമെന്ററി പ്രദർശനം ബിജെപി, യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയശേഷം ഇപ്പോഴും പ്രദർശനം തുടരുകയാണ്. തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുപരിപാടിയായി ആരംഭിച്ച ഡോക്യുമെന്ററി പ്രദർശനം യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചു. തുടർന്ന് പൊലീസുമായി പ്രവർത്തകർ ഉന്തുംതള‌ളുമുണ്ടായി. ഇതിനിടെ പരിപാടി കാണുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചക്കാരുമായി സംഘർഷമുണ്ടായി.

പാലക്കാട് വിക്‌ടോറിയ കോളേജിലും കണ്ണൂരിൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രദർശിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും ഇവിടങ്ങളിലടക്കം വിവിധയിടങ്ങളിൽ അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

Advertisement
Advertisement