മാലിന്യക്കുന്നുകൾ ഇനി സംസ്കരണ കേന്ദ്രങ്ങൾ

Wednesday 25 January 2023 3:11 AM IST

 22 'മാലിന്യക്കുന്നുകൾ" സംസ്കരണ യൂണിറ്റുകളാകും  32 മാലിന്യകേന്ദ്രങ്ങൾ ആറുമാസത്തിനകം വെടി​പ്പാക്കും  2026ഓടെ കേരളം മാലിന്യമുക്തം

കൊച്ചി: ദുർഗന്ധമലകളായി മാറിയ വിവിധ ജില്ലകളിലെ മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ വൈകാതെ അപ്രത്യക്ഷമാകും. ഒരുകാലത്തും നന്നാവില്ലെന്ന് കരുതിയിരുന്ന മാലിന്യകേന്ദ്രങ്ങളിൽ 22 എണ്ണം തദ്ദേശവകുപ്പ് ഇതിനോടകം ക്ലീനാക്കിക്കഴിഞ്ഞു. ശേഷിച്ച 32 എണ്ണം ആറുമാസത്തിനകവും വെടി​പ്പാക്കും.

സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

മാലിന്യ നിക്ഷേപകേന്ദ്രങ്ങളെ മൂന്നായി തിരിച്ചാണ് ക്ലീനാക്കൽ. ആദ്യഘട്ടത്തിൽ 22 കേന്ദ്രങ്ങളിൽ നിന്ന് 280,870.265 ക്യുബിക്‌ മീറ്റർ മാലിന്യം സ്വകാര്യകമ്പനിയുടെ സഹായത്തോടെ സംസ്കരിച്ച് നീക്കി.

എട്ടി​ടത്ത് സംസ്‌കരണം പുരോഗമിക്കുന്നു. 846,312 ക്യുബിക്‌ മീറ്റർ മാലിന്യമാണ് ഇവിടെ നിന്ന് നീക്കും. 415,716.455 ക്യുബിക്ക് മീറ്റർ മാലിന്യം മൂന്നാംഘട്ടത്തിൽ നീക്കും. ചെരിപ്പും ബാഗും പ്ലാസ്റ്രിക്ക് കവറുകളുമെല്ലാമുണ്ട് മാലിന്യക്കൂമ്പാരത്തിൽ. ഇവ തരംതിരിച്ച് സംസ്കരിക്കും.

ഫ്രീ ആകുന്നത് 163.8 ഏക്കർ

മാലിന്യകേന്ദ്രങ്ങളിൽ 22 എണ്ണം ക്ലീനാക്കിയപ്പോൾ സർക്കാരിന് ലഭിച്ചത് 45 ഏക്കർ ഭൂമി. 32 എണ്ണം കൂടി വൃത്തിയാക്കുമ്പോൾ 118.8 ഏക്കർ വേറെയും ലഭിക്കും. അത്യാധുനിക മാലിന്യ സംസ്കരണ യൂണിറ്റുകൾ ഇവിടെ സ്ഥാപിക്കും.

₹500 കോടി

2026ഓടെ കേരളത്തെ മാലിന്യമുക്തമാക്കാൻ ലഭിച്ചത് 500 കോടി രൂപ. സംസ്കരണത്തിനുള്ള പണവും ഇതിൽ ഉൾപ്പെടും.

മാലിന്യക്കുന്നുകളുടെ അളവ്

(ക്യുബിക് മീറ്രർ)

• ബ്രഹ്മപുരം - 5,51,903

• ചേറോല - 1,20,323

• ഞെളിയൻപറമ്പ് - 1,30,000

• കല്ലാർ - 1,80,345

• വടവത്തൂർ - 80,000

• ലാലൂർ - 51,634

• തേവരുപാറ- 77,058

• ബി.പി.എൽ ജംഗ്ഷൻ - 57,000

• ഇരിട്ടി - 56,788

''കര, ജലം, വായു എന്നിവയ്ക്ക് ഒരുപോലെ ദോഷമാണ് കുന്നുപോലെയായ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. ഇവ വൃത്തിയാക്കി അത്യാധുനിക മാലിന്യ സംസ്കരണ കേന്ദ്രങ്ങളാക്കും""

ജ്യോതിസ് ചന്ദ്രൻ,​

ഡയറക്ടർ,​

സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി​,​

തദ്ദേശവകുപ്പ്