പറവൂരിലെ ഭക്ഷ്യവിഷബാധ സാൽമോണെല്ലോസിസ്

Wednesday 25 January 2023 2:46 AM IST

കൊച്ചി: പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സാൽമോണെല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ്. കളമശേരി മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് സ്ഥിരീകരണം.

ജനുവരി 16ന് മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 106 പേർക്കാണ് വിഷബാധയുണ്ടായത്. മയോണൈസ്, അൽഫാം, മന്തി, പെരിപെരി മന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവയാണ് കുഴപ്പമുണ്ടാക്കിയത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ.

ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല. മലിനമായ ഭക്ഷണം കഴിച്ച് 6-48 മണിക്കൂറിനുള്ളിൽ തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. 2-3 ദിവസത്തിനുള്ളിൽ ശമിക്കും. അപൂർവം പേരിൽ മരണകാരണമാകാം.

മാംസം, കോഴിയിറച്ചി, മുട്ട, മുട്ട ഉത്പന്നങ്ങൾ എന്നിവയിലാണ് സാൽമൊണെല്ല കണ്ടുവരുന്നത്. കോഴിയുടെ കാഷ്ഠത്തിൽ നിന്നാണ് ഉത്ഭവം. പൊട്ടിയ മുട്ടകൾ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കണം.

ജാഗ്രത വേണം

''പൊതുജനങ്ങളും, ഹോട്ടൽ, കാറ്ററിംഗ്, ക്യാമ്പുകൾ, ഭക്ഷണ വിതരണ മേഖല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം""

ജില്ലാ മെഡിക്കൽ ഓഫീസർ

196

ഈ വർഷം 196 പേർക്ക് ജില്ലയിൽ ഭക്ഷ്യവിഷബാധയുണ്ടായി.

Advertisement
Advertisement