കേരള മർച്ചന്റ്സ് ചേംബർ സുവർണജൂബിലി നിറവിൽ

Wednesday 25 January 2023 3:19 AM IST

കൊച്ചി: എറണാകുളത്തെ അസംഘടിത വ്യാപാരികളുടെ കൂട്ടായ്‌മയായി രൂപംകൊണ്ട കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് (കെ.എം.സി.സി) സുവർണജൂബിലി നിറവിൽ. ഒരുവർഷം നീളുന്ന ആഘോഷങ്ങൾ നാളെ ആരംഭിക്കും.

എറണാകുളം ടൗൺഹാളിൽ വൈകിട്ട് ആറിന് മേയർ എം.അനിൽകുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് കെ.എം.മുഹമ്മദ് സഗീർ, സെക്രട്ടറി സോളമൻ ചെറുവത്തൂർ, സുവർണജൂബിലി ആഘോഷസമിതി ജനറൽ കൺവീനർ എൽ.എ.ജോഷി എന്നിവർ പറഞ്ഞു.

1973ൽ വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് എറണാകുളം ബസാർ മർച്ചന്റ്സ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചത്. നഗരത്തിന്റെ വിവിധസ്ഥലങ്ങളിൽ തൊഴിൽപ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ 1974ൽ എറണാകുളം മർച്ചന്റ്സ് യൂണിയൻ എന്ന് പേര് മാറ്റി. സംസ്ഥാനതല പ്രവർത്തനം ലക്ഷ്യമിട്ട് 2008ൽ കേരള മർച്ചന്റ്സ് യൂണിയൻ എന്ന് പേര് മാറ്റി. 2014ൽ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സെന്ന് പേരുമാറ്റി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ഫിക്കി) അഫിലിയേറ്റ് ചെയ്തു. ഇന്ത്യൻ കൗൺസിൽ ഒഫ് ആർബിട്രേഷനിലും അഫിലിയേഷനുണ്ട്. ആദായനികുതി വകുപ്പിന്റെ പ്രത്യക്ഷനികുതി ഉപദേശക സമിതിയിൽ ചേംബർ മുൻ പ്രസിഡന്റ് കെ.എം.ജോൺ അംഗമാണ്.

സാമൂഹ്യസേവന പദ്ധതികൾ

എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവവാർഡ്, മോർച്ചറി എന്നിവ നിർമിച്ചുനൽകി.

ബ്രോഡ്‌വേയിലെ പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് പുനർനിർമിച്ചു.

ഭൂരഹിതർക്ക് സ്ഥലം നൽകുന്ന ഭൂമിഗീതം പദ്ധതിക്ക് 20 ലക്ഷം രൂപ.

2018ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ നടത്തി.

പ്രളയത്തിന്റെ ഇരകൾക്ക് 18 വീടുകൾ നിർമിച്ചുനൽകി.

കൊവിഡിൽ വ്യാപാരികൾക്ക് പലിശരഹിത വായ്പ നൽകി.

വ്യാപാരികളുടെയും ജീവനക്കാരുടെയും മക്കൾക്ക് വിദ്യാഭ്യാസ പുരസ്കാരം.

യുവജന സംഘടന അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

Advertisement
Advertisement