തെങ്ങും കവുങ്ങും കയറാൻ വരും റോബോട്ടിക് സംവിധാനം

Tuesday 24 January 2023 8:54 PM IST

കാസർകോട്: തെങ്ങിലും കവുങ്ങിലും കയറാൻ യന്ത്രമില്ലാതെയും ആളുകളെ കിട്ടാതെയും ഇനി വലയേണ്ട, അത്യാധുനിക യന്ത്രക്കൈകളുമായി റോബോട്ടിക് സംവിധാനം ഉടനെ വരും.

റോബോട്ടിക് സംവിധാനം ഉപയോഗപ്പെടുത്തി ആധുനിക തെങ്ങുകയറ്റ യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച് കാസർകോട് സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഐ.ഐ.ടി, എൻ.ഐ.ടി, എൻജിനീയറിംഗ് കോളേജുകൾ എന്നിവയുടെ സഹകരണം ഇതിനായി തേടിയിട്ടുണ്ട്. ഇവരുടെ സഹകരണത്തോടെ ഗവേഷണം നടത്തി സംവിധാനം വികസിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

നിലവിലുള്ള സാധാരണ യന്ത്രങ്ങൾ ഉപയോഗിക്കാൻ നല്ല കായികാദ്ധ്വാനം വേണ്ടിവരുന്നുണ്ട്. ഇത് കുറച്ചു കൊണ്ടുവരാൻ തെങ്ങിലും കവുങ്ങിലും കയറാതെ തന്നെ നാളികേരവും അടക്കയും പറിച്ചെടുക്കാവുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്.

തെങ്ങിലും കവുങ്ങിലും കയറുന്നതിന് പലവിധത്തിലുള്ള യന്ത്രങ്ങൾ വിപണിയിൽ കിട്ടാനുണ്ട്. യന്ത്രത്തിൽ കയറി ഇരുന്നാൽ 78 സെക്കന്റിനുള്ളിൽ നാട്ടിലെ സാമാന്യം വലിപ്പമുള്ള തെങ്ങിനു മുകളിലെത്തുന്ന യന്ത്രം വരെയുണ്ട്. കൈയിലൊതുങ്ങുന്ന തുകയായ 3000 രൂപയ്ക്ക് കർഷകന്റെ കൈകളിലെത്തിയിരുന്നു. ദൈനംദിന തെങ്ങുകയറ്റ തൊഴിൽ മുന്നിൽ കണ്ടുകൊണ്ടാണ് ഈ യന്ത്രം വികസിപ്പിച്ച് എടുത്തിരുന്നത്. എന്നാൽ ഇതുകൊണ്ടും വലിയ തോതിലുള്ള സഹായം കിട്ടാതെ വന്നപ്പോളാണ് ഒരു പടി കൂടി കടന്ന് റോബോട്ടിക് സംവിധാനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ ഡോ. കെ.ബി ഹബ്ബാർ ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന പോസ്റ്റ് ഹാർവെസ്റ്റ് വിഭാഗം തലവൻ ആയിരുന്നതിനാൽ റോബോട്ടിക് സംവിധാനം കണ്ടെത്തുന്നത് എളുപ്പമാകുമെന്നാണ് സി.പി.സി.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തമ്പാൻ 'കേരള കൗമുദി'യോട് പറഞ്ഞത്.

തെങ്ങുകയറ്റ യന്ത്രം

ഏതുപ്രായക്കാർക്കും ഉപയോഗിക്കാവുന്ന നിലവിൽ ഉപയോഗിക്കുന്ന തെങ്ങുകയറ്റ യന്ത്രം രൂപപ്പെടുത്തിയത് മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രമാണ്. എട്ടു കിലോയാണ് ഈ യന്ത്രങ്ങളുടെ ഭാരം. സൈക്കിൾ സീറ്റ് സംവിധാനവും തടിയോട് പിടിക്കാവുന്ന ഹാൻഡിലും മരത്തിന്റെ വണ്ണം കുറയുന്നതിന് അനുസരിച്ച് അഞ്ച് സെക്കന്റ് കൊണ്ട് തെങ്ങിനോട് ചേർത്ത് ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.12 മീറ്റർ ഉയരമുള്ള തെങ്ങിൽ കയറുന്നതിന് 78 സെക്കന്റും ഇറങ്ങുന്നതിന് 60 സെക്കന്റുമാണ് ആവശ്യം.

Advertisement
Advertisement