ഇൻഡോർ ഏകദിനത്തിലും വമ്പൻ വിജയവുമായി ഇന്ത്യ; പരമ്പരയോടൊപ്പം ഏകദിനത്തിലെ ഒന്നാം റാങ്കും ഇനി നീലപ്പടയ്ക്ക്

Tuesday 24 January 2023 9:44 PM IST

ഇൻഡോർ: ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് 90 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനവും ഉറപ്പാക്കി. നായകൻ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറി നേട്ടത്തിൽ ഇന്ത്യ പടുത്തുയർത്തിയ 386 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന കിവിപ്പട 41.2 ഓവറിൽ 295 റൺസ് നേടുന്നതിനിടയിൽ ഓൾ ഔട്ട് ആവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യൻ ടീം തുടക്കത്തിലെ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഫോം ഔട്ടായിരുന്ന ഹിറ്റ്മാനും ഡബിൾ സെഞ്ച്വറിയുടെ തിളക്കത്തിലുള്ള ഗില്ലും കൂറ്റനടികളോടെ കളം നിറഞ്ഞതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ തന്നെ സ്കോർബോർഡിൽ 200 കടന്നു. ഗിൽ-രോഹിത് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 212 അടിച്ചുകൂട്ടി. രോഹിതിന്റെയും ഗില്ലിന്റെയും പ്രകടനത്തിൽ ഇന്ത്യൻ സ്കോർ ഉയർന്നതിനോടൊപ്പം തന്നെ ഇരുവരുടെയും വ്യക്തിഗത സ്കോർ രണ്ടക്കം കടന്നു. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്‌മാന്‍ കരിയറിലെ മുപ്പതാം ഏകദിന സെഞ്ച്വറിയാണ് അടിച്ചുകൂട്ടിയത്. നാലാം ഏകദിന സെഞ്ച്വറി തികച്ച ഗിൽ 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്ണെടുത്തു.

രോഹിത്തിനെ ബ്രേസ്‌വെല്ലും ഗില്ലിനെ ടിക്നെറും പുറത്താക്കിയതോടെ ഇന്ത്യയുടെ റൺവേട്ടയുടെ നിരക്ക് കുറഞ്ഞു. അവസാന ഓവറുകളിൽ ബോളുകൾ ബൗണ്ടറി കടത്തിയ ഹാർദിക് പാണ്ഡ്യയുടെ പ്രകടനത്തിലാണ് ഇന്ത്യ 386 എന്ന സ്കോറിലെത്തിച്ചത്. ഹാർദിക് പാണ്ഡ്യ 38 പന്തുകളിൽ നിന്നും 54 റൺസ് നേടി.കിവികൾക്കായി ജേക്കബ് ഡെഫി മൂന്ന് വിക്കറ്റ് നേടിയെങ്കിലും 100 റൺസ് വഴങ്ങിയെന്ന നാണക്കേടിന്റെ ചരിത്രവും മത്സരത്തിലുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ച വെച്ചു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ സെഞ്ച്വറി നേട്ടത്തിനിടയിലും കിവികൾക്ക് സ്കോർ 300 തികയ്ക്കാനായില്ല.