അടപ്പിച്ച ഹോട്ടലിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം തുടങ്ങി

Wednesday 25 January 2023 12:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലുകളിലെ ജീവനക്കാർക്കുള്ള പരിശീലനം തുടങ്ങി.

എഫ്.എസ്.എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടപ്പിച്ച സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നിർബന്ധമാക്കിയതിന് പിന്നാലെയാണിത്.

അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നു കൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർ രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരീശീലനം നേടണം.

ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് അടുത്തിടെ അടപ്പിച്ച 35 ഹോട്ടലുകളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.

785 സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീൻ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലത്താണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ (137). ഹൈജീൻ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും.ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉടൻ പുറത്തിറക്കുന്ന മൊബൈൽ ആപ്പിലൂടെയും ഹൈജീൻ റേറ്റിംഗുള്ള ഹോട്ടലുകൾ അറിയാൻ സാധിക്കും.

ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യ സുരക്ഷയെപ്പറ്റി അറിയാനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനും കഴിയും.

-വീണാജോർജ്

ആരോഗ്യമന്ത്രി