കെട്ടിടനികുതി കൂട്ടുന്നത് കുടിശിക പിരിക്കാതെ,കിട്ടാനുണ്ട് 1862 കോടി

Wednesday 25 January 2023 12:48 AM IST

തിരുവനന്തപുരം: വൻകിടക്കാർ വരുത്തിയ കുടിശിക പിരിച്ചെടുക്കാതെയാണ് കെട്ടിട നികുതിയിൽ പ്രതിവർഷം അഞ്ചു ശതമാനം വർദ്ധന വരുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നീക്കം നടത്തുന്നതെന്ന് ആക്ഷേപം. പതിവായി നികുതി നൽകുന്ന സാധാരണക്കാർ അധിക തുക നൽകാൻ നിർബന്ധിതരാവുമ്പോൾ, വൻകിടക്കാർ വീണ്ടും കുടിശിക വരുത്തി സർക്കാരിനെ പറ്റിക്കും. അതു പിരിച്ചെടുക്കാൻ യാതൊരു നടപടിയും ഉണ്ടാവില്ല. ഫലത്തിൽ പുതിയ ഭാരം ചുമക്കുന്നത് സാധാരണക്കാരായിരിക്കും. നികുതി പിരിവിന്റെ കണക്കുകൾ ഇതിനു തെളിവാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കേ, 1800 കോടിയിലേറെ രൂപയാണ് പിരിച്ചെടുക്കാനുള്ളത്. പിരിച്ചെടുത്തത് 28.46ശതമാനം മാത്രം. 71.54 ശതമാനം നികുതിയും ഈടാക്കിയിട്ടില്ല. വൻകിട കെട്ടിട സമുച്ചയങ്ങളും വ്യാപാര കേന്ദ്രങ്ങളുമാണ് സർക്കാരിനെ പ്രധാനമായും പറ്റിക്കുന്നത്.

വൻകിടകെട്ടിടങ്ങളും വ്യാപാര സമുച്ചയങ്ങളും കൂടുതലുള്ള കോർപറേഷനുകളിൽ പിരിച്ചെടുത്തത് മൊത്തം നികുതിയുടെ 15.88ശതമാനം മാത്രമാണ്. 57.12ശതമാനം പിരിച്ചെടുത്ത പഞ്ചായത്തുകളാണ് പേരിനെങ്കിലും മുന്നിൽ. തലസ്ഥാനത്ത് അടുത്തിടെ പൂട്ടിപ്പോയ വ്യാപാര സമുച്ചയം 62 ലക്ഷം രൂപയാണ് കോർപറേഷന് നൽകാനുള്ളത്. കെട്ടിടനികുതി കൃത്യമായി പിരിച്ചെടുത്താൽ തദ്ദേശസ്ഥാപനങ്ങൾക്ക് മതിയായ വരുമാനമാകും. അതിന് തയ്യാറാകാതെയാണ് കെട്ടിടനികുതി വർദ്ധിപ്പിക്കുന്നത്. വീടുകളിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ വൻകിടക്കാരിൽ നിന്ന് നികുതി പിരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കെട്ടിടനികുതി

(തുക കോടിയിൽ)

(2022-23 സാമ്പത്തിക വർഷം)

മൊത്തം തുക : 2603.35

ലഭിച്ചത് : 740.76 (28.46%)

കിട്ടാനുള്ളത് : 1862.36 (71.54%)

കോർപറേഷനുകൾ

മൊത്തം തുക: 1119.69

ലഭിച്ചത് : 177.84 (15.88%)

കിട്ടാനുള്ളത്: 941.84(84.12%)

മുൻസിപ്പാലിറ്റികൾ

മൊത്തം തുക :831.00

ലഭിച്ചത്: 190.23 (22.90%)

കിട്ടാനുള്ളത് : 640.74( 77.10%)

പഞ്ചായത്തുകൾ

മൊത്തം തുക: 656.66

ലഭിച്ചത് : 372.69 (57.12%)

കിട്ടാനുള്ളത് : 279.78 (42.88%)