എൻ.എസ്.എസിന് ഗ്രേസ് മാർക്ക് വീണ്ടും പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്റി
കോലഞ്ചേരി: എൻ.എസ്.എസ് അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് വീണ്ടും ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്റി വി. ശിവൻകുട്ടി. ഹയർ സെക്കൻഡറി വിഭാഗത്തിലെ സംസ്ഥാനതല എൻ.എസ്.എസ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് പിൻവലിച്ച ഗ്രേസ് മാർക്ക് സമ്പ്രദായം വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് പുനഃപരിശോധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി.
സംസ്ഥാന തലത്തിൽ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസിലെ ഷെറിൻ ജേക്കബ്, പനങ്ങാട് എച്ച്.എസ്.എസിലെ ഇ.ആർ. രേഖ എന്നിവർ സ്വീകരിച്ചു. മികച്ച ജില്ലാ കൺവീനർമാരായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. പൗലോസ്, ശ്രീധരൻ കൈതപ്രം, മികച്ച വോളന്റിയർമാരായ തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസിലെ ഏബൽ ബിന്നി, പുതുപ്പാടി എഫ്.ജെ.എം.എച്ച്.എസ്.എസിലെ ആൻ മരിയ റെജി, മലപ്പുറം പൂക്കോട്ടുപാടം ജി.എച്ച്.എസ്.എസിലെ കെ. ബാസിം, കണ്ണൂർ മാടായി ജി.എച്ച്.എസ്.എസിലെ ഒ.പി. ശ്രീലയ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. എൻ.എസ്.എസ് തനതിടങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ചേന്ദമംഗലൂർ എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം നേടിയ കണ്ണൂർ പട്ടന്നൂർ കെ.പി.സി.എച്ച്.എസ്.എസിന് എന്നിവയും അവാർഡുകൾ സ്വീകരിച്ചു.