വിജിലൻസ് അന്വേഷണവും കേസുമില്ല: മനോജ് എബ്രഹാം

Wednesday 25 January 2023 12:00 AM IST

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് നടപടികളുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ പരാമ‌‌ർശം ശരിയല്ലെന്ന് വിജിലൻസ് ഡയറക്ടർ അഡി.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

ത്വരിതാന്വേഷണം അടക്കം വിജിലൻസിന്റെ ഒരു നടപടിയും തനിക്കെതിരെയില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഇന്നലെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'വിജിലൻസ് അന്വേഷണം നേരിടുന്നവരിൽ ഡി.ജി.പി മുതൽ എ.എസ്.ഐ വരെ' എന്ന വാർത്തയിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവിഹിത സ്വത്ത് സമ്പാദിച്ചെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് സ്വകാര്യവ്യക്തി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ, വിജിലൻസ് ത്വരിതാന്വേഷണം നടത്തുകയും യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തി കോടതിയെ അറിയിക്കുകയും ചെയ്തതാണ്. തെളിവില്ലാത്തതിനാൽ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ഡിസംബർ രണ്ടിന് വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജി പി.പി സെയ്ദലവി അംഗീകരിച്ചു. അന്നുതന്നെ സ്വകാര്യ അന്യായം തള്ളിയതായും എ.ഡി.ജി.പി അറിയിച്ചു.

അതേസമയം, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ പ്രകാരം

പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും സ്റ്റേറ്റ് പബ്ളിക്ക് ഇൻഫർമേഷൻ ഓഫീസറുമായ ആർ.മണികണ്ഠൻ നൽകിയ മറുപടിയിൽ വിജിലൻസ് നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പി ടോമിൻ തച്ചങ്കരി, എ.ഡി.ജി.പി എസ്.ശ്രീജിത്ത് എന്നിവർക്കെതിരെ വിജിലൻസ് നടപടികളുണ്ടെന്നും ഡിസംബർ 31ന് നൽകിയ, AIS-C3/430/2022-GAD എന്ന നമ്പരിലുള്ള വിവരാവകാശ മറുപടിയിലുണ്ട്. ഈ മറുപടി പ്രകാരമാണ് 'കേരളകൗമുദി' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കോടതി ഉത്തരവ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെത്തി ഔദ്യോഗിക രേഖയാവുന്നതിലെ കാലതാമസമാണ് ഇത്തരമൊരു മറുപടി നൽകാനിടയാക്കിയതെന്നാണ് വിവരം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ മറുപടി നൽകിയതെന്ന് സ്റ്റേറ്റ് പബ്ളിക്ക് ഇൻഫർമേഷൻ ഓഫീസർ ആർ. മണികണ്ഠൻ പറഞ്ഞു. വിവരാവകാശ രേഖയിലെ പിഴവിനെക്കുറിച്ച് പൊതുഭരണ വകുപ്പ് അന്വേഷിക്കും.