ജപ്തി ചെയ്യേണ്ടത് ഹർത്താൽ ആഹ്വാനം ചെയ്തവരുടെ സ്വത്ത്:ഹൈക്കോടതി

Wednesday 25 January 2023 12:00 AM IST

കൊച്ചി: നിയമവിരുദ്ധമായി മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെയും അതിന് ആഹ്വാനം നൽകിയ സംഘടനാ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തു നഷ്ടപരിഹാരം ഈടാക്കാനാണ് നിർദ്ദേശിച്ചതെന്നും മറ്റാരുടെയും സ്വത്ത് കോടതി ഉത്തരവിന്റെ പേരിൽ ജപ്തി ചെയ്യരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തും ജപ്തി ചെയ്തെന്ന് പരാതി ഉയർന്നിരുന്നു.

ജപ്തി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കി ഫെബ്രുവരി രണ്ടിനകം ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ജപ്‌തി ചെയ്ത സ്വത്തുക്കളുടെ മൂല്യം സംബന്ധിച്ച വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്തംബർ 23 നു നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ഈ നിർദ്ദേശങ്ങൾ.

കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും സ്വകാര്യ വ്യക്തികൾക്കുമായി 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തിയിരുന്നു. ഈ തുക ഈടാക്കാൻ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ 209 പേരുടെ 248 സ്വത്തുക്കളാണ് സർക്കാർ ജപ്തി ചെയ്തത്.

ജപ്തി നേരിട്ട മലപ്പുറം കാടാമ്പുഴ സ്വദേശി ടി.പി യൂസഫ്

തനിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും ക്രിമിനൽ കേസിൽ പ്രതിയല്ലെന്നും കാട്ടി സമർപ്പിച്ച ഹർജിയും ഹൈക്കോടതി പരിഗണിച്ചു. തുടർന്നാണ് ജപ്തി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയും കേരള ചേംബർ ഒഫ് കൊമേഴ്‌സ്, തൃശൂരിലെ മലയാളവേദി എന്നീ സംഘടനകൾ സമർപ്പിച്ച ഹർജികളും ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.

# ക്ളെയിം കമ്മിഷണർ

ഹാജരാകണം

മിന്നൽ ഹർത്താലിനെത്തുടർന്നുണ്ടായ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനുള്ള നടപടികൾ ഇതിനായി നിയോഗിച്ചിട്ടുള്ള ക്ളെയിം കമ്മിഷണർ അടുത്തയാഴ്‌ച തുടങ്ങണം. ഹർജികൾ വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി രണ്ടിന് ക്ളെയിം കമ്മിഷണർ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.