മിയാവാക്കി വനവത്കരണ പദ്ധതിയുടെ ഫയലുകൾ ഹാജരാക്കണം: ലോകായുക്ത

Wednesday 25 January 2023 12:00 AM IST

തിരുവനന്തപുരം: മിയാവാക്കി വനവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ വിളിച്ചതടക്കമുളള എല്ലാ ഫയലുകളും ഹാജരാക്കാൻ ലോകായുക്ത ടൂറിസം ഡയറക്ടറോട് നിർദ്ദേശിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറൂൺ- അൽ-റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. 184 സെന്റ് സർക്കാർ ഭൂമിയിൽ മിയാവാക്കി വനവത്കരണത്തിനായി സർക്കാർ 5.8 കോടി രൂപ അനുവദിച്ചതിൽ വൻ അഴിമതിയുണ്ടെന്നും സഹകരണ സ്ഥാപനത്തെ തള്ളിക്കളഞ്ഞ് സ്വകാര്യ വ്യക്തികളുടെ കൂട്ടായ്മയ്ക്ക് കരാർ നൽകിയത് വഴി സർക്കാരിന് 1.17 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് ഹർജി.

2020 ആഗസ്റ്റിൽ മിയാവാക്കി വനവത്കരണം വേണ്ടെന്ന് ഫയലിൽ എഴുതിയ അന്നത്തെ ടൂറിസം മന്ത്രി, രണ്ടു മാസം തികയും മുൻപ് നിലപാട് മാറ്റിയതിലടക്കം ദുരൂഹതയുണ്ടെന്നാണ് എറണാകുളം സ്വദേശിയുടെ ഹർജിയിലെ മുഖ്യ ആരോപണം. സംസ്ഥാനത്ത് എവിടെയെങ്കിലും മിയാവാക്കി വനവത്കരണം നടത്തി കുറഞ്ഞത് മൂന്നു വർഷം പ്രവർത്തന പരിചയമുളള വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ ടെൻഡർ നൽകാവൂ എന്നായിരുന്നു ഇ- ടെൻഡർ വ്യവസ്ഥ. എന്നാൽ, കേരള സുവനീറിന്റെ മാർക്കറ്റിംഗ് ഡി.വി.ഡിയും സി.ഡിയും വില്പന നടത്തി മാത്രം പരിചയമുളള സ്വകാര്യ കൺസോർഷ്യത്തിനാണ് കരാർ നൽകിയത്. ഇതിൽ സ്ഥാപിത താത്പര്യമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സർക്കാർ അധീനതയിലുളള സ്റ്റേറ്റ് അഗ്രി- ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന സഹകരണ സ്ഥാപനം 100 സ്‌ക്വയർ മീറ്ററിന് 3.65 ലക്ഷം രൂപയ്ക്ക് വനവത്കരണം നടത്താൻ തയ്യാറായിട്ടും അതിനെ അവഗണിച്ച് സ്വകാര്യ കൺസോർഷ്യത്തിന് 100 സ്‌ക്വയർ മീറ്ററിന് 5.10 ലക്ഷം രൂപയക്ക് കരാർ നൽകിയെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. ഇതേ സ്ഥാപനത്തിന് 20 സെന്റ് ഭൂമിയിൽ വനവത്കരണത്തിനായി 3.70 കോടി രൂപ അനുവദിച്ചതിന്റെ സർക്കാർ ഉത്തരവും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Advertisement
Advertisement