സഹായം നിലച്ചിട്ട് 11 മാസം; 2,700 വൃക്കരോഗികൾക്ക് ദുരിതം

Wednesday 25 January 2023 12:31 AM IST

മലപ്പുറം: ജില്ലയിലെ 2,700 വൃക്കരോഗികൾക്കുള്ള ഡയാലിസിസ് ധനസഹായം മുടങ്ങിയിട്ട് 11 മാസം. രോഗികൾ ദുരിതമനുഭവിക്കുമ്പോഴും പദ്ധതിക്കായി ഈ സാമ്പത്തിക വർഷം ത്രിതല പഞ്ചായത്തുകൾ വകയിരുത്തിയ 50 ലക്ഷം രൂപ ഇതുവരെ ചെലവഴിക്കാനായിട്ടില്ല. നേരത്തെ ജില്ലാ പഞ്ചായത്ത് മുഖേന ധനസഹായം രോഗികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നൽകിയിരുന്നത്. ഇതിന് പകരം മെഡിക്കൽ ഓഫീസർമാരെ നിർവഹണ ഉദ്യോഗസ്ഥരാക്കി ഇവർ വഴി ആശുപത്രികൾക്ക് നേരിട്ട് തുക കൈമാറുന്ന രീതിയിലേക്ക് പദ്ധതിയെ മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എന്നാൽ ജോലിഭാരം ചൂണ്ടിക്കാട്ടി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് മെഡിക്കൽ ഓഫീസർമാർ. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയോട് മുഖം തിരിച്ചുനിൽക്കുകയാണ് ഇവർ. വൃക്കരോഗികൾക്ക് 4,000 രൂപയാണ് ഓരോ മാസവും ഡയാലിസിസ് സഹായമായി ലഭിക്കുക. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 1,000 രൂപ വീതവും ഗ്രാമപഞ്ചായത്ത് 2,000 രൂപയുമാണ് ഓരോ രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഇത്തരത്തിൽ ഈ വ‌‌ർഷം 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. ആശുപത്രികൾക്ക് നേരിട്ട് പണം നൽകുന്നതിന് നിർവഹണ ഉദ്യോഗസ്ഥരായ മെഡിക്കൽ ഓഫീസർമാരുമായി കരാറുണ്ടാക്കണം. എന്നാൽ ഇതിന് മുൻകൈയെടുക്കാൻ മെഡിക്കൽ ഓഫീസർമാരോ തുടർനടപടികൾക്ക് ആശുപത്രി അധികൃതരോ തയ്യാറല്ല. ഈ സാഹചര്യത്തിൽ രോഗികൾക്ക് ഡയാലിസിസ് കിറ്റ് നൽകുന്ന രീതിയിൽ പദ്ധതിയുടെ ഘടന മാറ്റണമെന്ന ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ തള്ളിയിട്ടുണ്ട്.

പണം നൽകാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെങ്കിലും സർക്കാരിന്റെ ഉത്തരവ് കാരണം രോഗികൾക്ക് ധനസഹായം അന്യമാവുകയാണ്. വൃക്കരോഗികൾക്കായി മാറ്റിവച്ച തുക കെട്ടിക്കിടക്കുന്നതിനാൽ മറ്റെന്തെങ്കിലും ആവശ്യത്തിനായി വിനിയോഗിക്കേണ്ട സ്ഥിതിയാണ്. അർഹതപ്പെട്ട ധനസഹായം ലഭിക്കാൻ വൈകുന്നത് രോഗികൾക്ക് വലിയ ദുരിതമായിട്ടുണ്ട്.

ഇസ്‌‌മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്