ജീവനക്കാരുടെ സമൂഹ മാദ്ധ്യമ വിമർശനം വിലക്കി സർക്കുലർ

Wednesday 25 January 2023 12:00 AM IST

തിരുവനന്തപുരം: ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വിമർശനങ്ങൾക്ക് തടയിട്ട് ധനകാര്യ വകുപ്പിന്റെ സർക്കുലർ. സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ എടുക്കുന്ന നടപടികളെയോ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ വിമർശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി. സർക്കാർ നയങ്ങളെ ധനവകുപ്പിലെ ജീവനക്കാർ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചത് സംബന്ധിച്ച പരാതിയെ തുടർന്നാണിത്.

1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് രീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ സ്വീകരിക്കുന്ന നടപടികളെയോ പൊതുജന മദ്ധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ല.

ഈ വ്യവസ്ഥയനുസരിച്ച് ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിലൂടെയോ ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലൂടെയോ സർക്കാർ നയങ്ങളെയോ നടപടികളെയോ വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ മേലധികാരികൾ കർശന നടപടിയെടുക്കും. ചട്ടലംഘനം ശ്രദ്ധയിൽപ്പെടുത്തിയ ശേഷവും ധനകാര്യവകുപ്പിലെ ചില ജീവനക്കാർ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിമർശനവും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും വ്യക്തമാക്കി.

പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്

 സർവീസിലിരിക്കെ സർക്കാർ നയങ്ങളെ വിമർശിക്കാനോ മുൻകൂർ അനുമതിയില്ലാതെ ലേഖനങ്ങളോ പുസ്തകങ്ങളോ പ്രസിദ്ധീകരിക്കാനോ പാടില്ല.

 അങ്ങനെ ചെയ്താൽ അച്ചടക്കലംഘനമായി കണക്കാക്കി കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവമനുസരിച്ച് താക്കീത്, ശമ്പളവർദ്ധന തടയൽ, തരംതാഴ്ത്തൽ, പുറത്താക്കൽ എന്നിങ്ങനെയാണ് ശിക്ഷകൾ.

Advertisement
Advertisement