ശബരി​മല കാണിക്ക എണ്ണൽ നിറുത്തിവയ്ക്കുന്നു; ക്ഷീണം,രോഗം, ജീവനക്കാർ മടുത്തു

Tuesday 24 January 2023 11:44 PM IST

ശബരിമല: ശബരി​മല ഭണ്ഡാരത്തിലെ കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി ഇന്നു മുതൽ നിറുത്തിവയ്ക്കും. തുടർച്ചയായി ജോലിചെയ്യേണ്ടി വന്നതുമൂലം ജീവനക്കാർക്കുണ്ടായ ക്ഷീണത്തിനും മാനസിക പിരിമുറുക്കത്തിനും പുറമെ ഇവർക്കിടയിൽ ചിക്കൻപോക്സും വൈറൽപ്പനിയും പടർന്നുപിടിച്ചതുകൂടി കണക്കിലെടുത്താണ് തീരുമാനം.

എഴുനൂറിലധികം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിലായി ജോലിചെയ്തിട്ടും ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങളിൽ പകുതിപോലും എണ്ണിത്തീർക്കാൻ കഴിഞ്ഞിരുന്നില്ല.ജീവനക്കാർക്ക് അവധി നൽകണമെന്ന് ഭണ്ഡാരം ചീഫ് ഓഫീസർ ഉണ്ണികൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണർ, ദേവസ്വം വിജിലൻസ് ഓഫീസർ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്നു വൈകിട്ട് മുതൽ അവധി നൽകാൻ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറി, ദേവസ്വം കമ്മിഷണർക്ക് കത്തുനൽകി. ഇതുവരെ ഭണ്ഡാരം ഡ്യൂട്ടി ചെയ്യാത്തവരെയും ഇപ്പോൾ ഡ്യൂട്ടിയിലുള്ളതിൽ താത്പര്യമുളളവരെയും കലാപീഠം വിദ്യാർത്ഥികളെയും ഉപയോഗിച്ച് ഫെബ്രുവരി 5 മുതൽ നാണയമെണ്ണൽ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അറിയിച്ചു. അന്നുമുതൽ പൊലീസ്, മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കത്തുനൽകാനും ചീഫ് ഭണ്ഡാരം ഓഫീസറെ കൂടാതെ ഒരു ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെക്കൂടി നിയോഗിക്കാനും ബോർഡ് തീരുമാനിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുന്നതിന് ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി.

ഭണ്ഡാരത്തിലെ പണം കൃത്യമായി എണ്ണിമാറ്റാത്തതുമൂലം നശിക്കുന്ന വിവരം കഴിഞ്ഞ 17ന് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. ഇതേത്തുടർന്നാണ് കാണിക്കപ്പണം എണ്ണിത്തീർക്കാനുളള ശ്രമം ദേവസ്വം ബോർഡ് ഊർജ്ജിതമാക്കിയത്.

കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണറോടും ദേവസ്വം വിജിലൻസ് വിഭാഗത്തോടും ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. 25ന് മുൻപ് നാണയം എണ്ണിത്തീരുമെന്നായിരുന്നു ബോർഡ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണം.