പെരുന്തേനരുവിയിൽ പുലിയോ.. കടുവയോ ? വനംവകുപ്പിന് സംശയം

Tuesday 24 January 2023 11:53 PM IST

റാന്നി: പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിക്കു മുകളിലായി കണ്ട കാൽപ്പാടുകൾ പുലിയുടേതോ, കടുവയുടേതോ എന്ന് സ്ഥിരീകരിക്കാതെ വനംവകുപ്പ്. ഇതോടെ പ്രദേശത്തെ ജനങ്ങൾക്ക് ആശങ്ക വർദ്ധിച്ചു. വന പ്രദേശത്താണ് കാൽപ്പാടുകൾ കണ്ടെത്തിയതെന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്. പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന കുരുമ്പൻമുഴിയെയും പെരുന്തേനരുവിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയ്ക്ക് സമീപമാണ് കാൽപാടുകൾ. രണ്ടാഴ്ച മുമ്പ് ഇതുവഴി പോയ കുടമുരുട്ടി സ്വദേശികളും സമാനമായ രീതിയിലുള്ള കാൽപ്പാടുകൾ കണ്ടതായി പറയപ്പെടുന്നു. പ്രദേശത്ത് വനംവകുപ്പ് രാത്രി നിരീക്ഷണം ശക്തമാക്കി വന്യമൃഗത്തെ ഉൾക്കാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുന്തേനരുവി ജല വൈദ്യൂതി പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി ആളുകളും രാത്രിയിൽ ഉൾപ്പടെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വന്യജീവികളുടെ ആക്രമണം ഭയന്ന് ഇവരിൽ പലരും കുടമുരുട്ടി വഴിയുള്ള വനപാത ഉപേക്ഷിക്കുകയാണ്‌. ഇവരും ആശങ്കയിലാണ്. രാത്രികാലങ്ങളിൽ ആനയുടെ ശല്യം ഏറിവരുന്നതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ പുറത്തു വരുന്നത്. പെരുന്തേനരുവി തടയണയുടെയും മറ്റും സമീപത്ത് അടുത്തകാലത്ത് കാട്ടാന ഇറങ്ങിയിരുന്നു.