മേൽനോട്ട സമി​തി​: താരങ്ങൾക്ക് അതൃപ്തി

Wednesday 25 January 2023 4:16 AM IST

ന്യൂഡൽഹി​: ഗുസ്‌തി​ ഫെഡറേഷൻ പ്രസി​ഡന്റ് ബ്രി​ജ്ഭൂഷൺ​ ശരൺ​ സിംഗ് അടക്കമുള്ളവർക്കെതി​രായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാനുള്ള മേൽനോട്ട സമിതി രൂപീകരണത്തി​ൽ അതൃപ്തി​യുമായി​ ഗുസ്‌തി​ താരങ്ങൾ. പ്രമുഖ ബോക്‌സിംഗ് താരം മേരി​കോമി​ന്റെ നേതൃത്വത്തി​ലുള്ള അഞ്ചംഗ സമി​തി​ രൂപീകരി​ക്കും മുൻപ് തങ്ങളോട് ചർച്ച ചെയ്‌തി​ല്ലെന്ന് ഗുസ്‌തി​ താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും പരാതി​പ്പെട്ടു. .

മേൽനോട്ട സമിതി രൂപീകരിക്കുന്നതിന് മുമ്പ് ഞങ്ങളോട് കൂടിയാലോചിക്കുമെന്നാണ് കരുതി​യതെന്നും അതുണ്ടാകാഞ്ഞത് വളരെ സങ്കടകരമായെന്നും ഇരുവരും ട്വീറ്റു ചെയ‌്തു.

പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനുമായ ഗീത ഫോഗട്ട് അഭ്യർത്ഥിച്ചു.

രാജ്യത്തെ എല്ലാ സഹോദരിമാരും പെൺകുട്ടി​കളും വലിയ പ്രതീക്ഷയോടു കൂടിയാണ് നിങ്ങളെ ഉറ്റുനോക്കുന്നത്. ഞങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ അത് വലിയ ദൗർഭാഗ്യമായിരിക്കുമെന്നും അവർ പറഞ്ഞു.