കരുവാച്ചി ഇനം നെൽകൃഷി മങ്കരയിലും

Thursday 26 January 2023 12:06 AM IST
കല്ലൂർ പൂപ്പാടം പാടശേഖരത്തിലെ ശിവകുമാർ വർമ്മയുടെ കൃഷിയിടത്തിലെ കരുവാച്ചി നെൽകൃഷി.

മങ്കര: രോഗപ്രതിരോധ ശേഷി നൽകുന്ന കരുവാച്ചി നെൽകൃഷി ഇനി മങ്കരയിലും. മങ്കര കൃഷിഭവന് കീഴിൽ കൃഷിവകുപ്പിന്റെ ലീഡ്സ് പദ്ധതിയുടെ ഭാഗമായാണ് 30 സെന്റ് സ്ഥലത്ത് നെൽകൃഷി പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയത്. കല്ലൂർ പൂപ്പാടം പാടശേഖരത്തിലെ ശിവകുമാർ വർമ്മയുടെ കൃഷിയിടത്തിലാണ് മാതൃക തോട്ടമുള്ളത്. വയനാട് തിരുനെല്ലി കാടുകളിൽ നിന്നാണ് വിത്ത് എത്തിച്ചത്.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ജീവിതശൈലി രോഗങ്ങൾ വരെ കുറയ്ക്കാനാകും. വ്യത്യസ്ത നിറങ്ങളിലാണ് ഇലകളുണ്ടാവുക. ചുവന്ന അരിയായിരിക്കും. കരൾ രോഗത്തിനും ഹൃദയാഘാതത്തിനും ഈ അരി ഏറെ ഫലപ്രദമാണ്. ഇതിന്റെ അരിക്ക് വലിയ ഡിമാന്റാണ്. പാലക്കാട് ബ്ലോക്കിൽ ആദ്യമായിട്ടാണ് കരുവാച്ചി കൃഷി ചെയ്യുന്നത്. 100 ദിവസം കൊണ്ട് ഇവ കൊയ്‌തെടുക്കാം.

പഞ്ചായത്ത് പ്രസിഡന്റ് എം.എൻ.ഗോകുൽദാസ്, കൃഷി ഓഫീസർമാരായ സി.മുകുന്ദകുമാർ, മേഘ്ന ബാബു, വാർഡംഗം രതീഷ് കുമാർ, കൃഷി അസിസ്റ്റന്റ് ടി.കൃഷ്ണപ്രസാദ്, ഫീൽഡ് അസിസ്റ്റന്റ് കെ.കവിത എന്നിവർ കൃഷിത്തോട്ടം സന്ദർശിച്ചു. പദ്ധതി വിജയം കണ്ടതോടെ പഞ്ചായത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement