ബിനാലെയിലെ കലാസൃഷ്ടികൾ ശ്രേഷ്ഠം: അടൂർ ഗോപാലകൃഷ്ണൻ

Thursday 26 January 2023 12:23 AM IST

കൊച്ചി: കണ്ണിനും കാതിനും ഒരുപോലെ നവ്യാനുഭവങ്ങൾ പകരുന്ന ബിനാലെയ്ക്ക് പിന്നിലെ മഹത്തായ ശ്രമങ്ങളെ ഏറെ ബഹുമാനത്തോടെ കാണണമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇത് ഒറ്റനാൾ കൊണ്ട് സാദ്ധ്യമാകുന്നതല്ല, ലോകവ്യാപകമായി കലാകാരന്മാരോട് ബന്ധവും സൗഹൃദവും ഉള്ളവർക്ക് മാത്രമെ ബിനാലെ സംഘടിപ്പിക്കാൻ കഴിയൂ. കലയിലെ പുതിയ കണ്ടെത്തലുകളും പരിശ്രമങ്ങളും ബിനാലെയിലൂടെ അവതരിപ്പിക്കുമ്പോൾ ഓരോ മലയാളിയും തീർച്ചയായും കാണണം.

മലയാളിക്ക് സാക്ഷരതയും വിദ്യാഭ്യാസവുമുണ്ടെങ്കിലും തനത് കലകളിൽപ്പോലും വേണ്ടത്ര അറിവോ, അന്വേഷണമോ ഇല്ല. നാം നമ്മെ സ്വയം തള്ളിപ്പറഞ്ഞിട്ട് മറ്റെങ്ങോ അന്വേഷിക്കുകയാണ്. അങ്ങനെ വലിയ അന്വേഷണവുമില്ല. എങ്ങനെയെങ്കിലും ഒരു ഉദ്യോഗത്തിൽ കയറിപ്പറ്റണം, സകുടുംബം സുഖമായി ജീവിക്കണം എന്നേയുള്ളൂ. പലതിനെക്കുറിച്ചും അറിയാതെയാണ് നാം ജീവിച്ചു മരിച്ചുപോകുന്നത്. സിനിമയായാലും നാടകമായാലും സംഗീതമായാലും അതിന്റെ തനിമയാർന്ന രൂപത്തിൽ ആസ്വദിക്കുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി ബിനാലെ വേദികൾ സന്ദർശിച്ചശേഷം ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത തമിഴ് നാടക, ഡോക്യുമെന്ററി സംവിധായക പ്രസന്ന രാമസ്വാമി, അടൂരിന്റെ സഹ സംവിധായകൻ മീര സാഹിബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement