കെ.എസ്.ആർ.ടി.സി- കൊച്ചിമെട്രോ ഫീഡർ സർവീസ് വരുന്നു

Thursday 26 January 2023 12:44 AM IST

15 മിനിറ്റ് ഇടവിട്ട് സർവീസ്

കൊച്ചി: കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ഫീഡർ സർവീസൊരുക്കാൻ കൊച്ചി മെട്രോ. എം.ജി റോഡ്, മഹാരാജാസ്, ടൗൺ ഹാൾ സ്റ്റേഷൻ, കലൂർ സ്‌റ്റേഷനുകളിലേക്കാണ് ഫീഡർ ബസ് സൗകര്യം ഒരുക്കുക. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക, ഹൈക്കോർട്ട്, ബോട്ട് ജെട്ടി, കലൂർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേയ്ക്കും രാവിലെ 6.30മുതൽ വൈകിട്ട് ഏഴ്‌ വരെ 15 മിനിറ്റ് ഇടവിട്ടാണ് സർവീസ്.

കൊച്ചി മെട്രോയുടെ ആറ് എ.സി ഫീഡർ ബസുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂർ ഇടവിട്ട് ഫീഡർ ബസുകളുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വഴിയും പെരുമ്പാവൂർ അങ്കമാലി എന്നിവിടങ്ങളിൽ നിന്ന് ആലുവ സ്റ്റേഷൻ വഴിയും ഇൻഫോപാർക്കിലേക്ക് ഫീഡർ ബസ് സൗകര്യമുണ്ട്.