പണ്ടുകാലത്തെ കൃഷി ഉപകരണങ്ങളായ കലപ്പയും ഉരലും നാഴിയും പറയുമൊക്കെ കാണാൻ താൽപര്യമുണ്ടോ? തലസ്ഥാന നിവാസികൾക്ക് മികച്ച അവസരമായി കാർഷിക പ്രദർശനം

Wednesday 25 January 2023 7:12 PM IST

നെടുമങ്ങാട്: നാട്ടു പഴമയുടെ ഓർമ്മകൾ വിളിച്ചോതുന്ന കാർഷിക യന്ത്രങ്ങൾ വിത്ത് സംഭരണികൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ കൗതുക കാഴ്ചകൾ നെടുമങ്ങാട് കൃഷിദർശൻ പ്രദർശന നഗരിയിൽ വ്യത്യസ്ത അനുഭവമാണ് പുതുതലമുറയ്ക്ക് പകരുന്നത്. മൂന്ന് തലമുറ മുൻപ് ഉപയോഗിച്ചിരുന്ന കാർഷിക ഗാർഹിക ഉപകരണങ്ങൾ ഏറെ കൗതുകത്തോടെയാണ് ഇന്നത്തെ തലമുറ നോക്കിക്കാണുന്നത്.

വിത്തുകൾ ശേഖരിക്കുന്നതിനും ധാന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനും ഉപയോഗിച്ചിരുന്ന വിത്തുകുട്ട, പറ, നാഴി എന്നിവയും കാർഷിക ഉപകരണങ്ങളായ കലപ്പ, കട്ടമരം,നുകം, മരഉരൽ എന്നിവയും വീട്ടുപകരണങ്ങളായ ചായ ബോയ്ലർ, വെറ്റില ചെല്ലം, ഗ്രാമഫോൺ, ഇൻകമിംഗ് ടെലഫോൺ, മണ്ണെണ്ണ വിളക്കുകൾ, തടിയിലെ സേവനാഴി, തടി സ്പൂണുകൾ, റാന്തൽ തുടങ്ങി 250ലധികം പുരാതന ഉപകരണങ്ങളാണ് കാർഷിക പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.