@ മെഡി. കോളേജിൽ പെറ്റ് സി.ടി സ്കാൻ സജ്ജം അർബുദ നിർണയത്തിന് 'ആശ്വാസ 'കിരണം
@ ഇതുവരെ രോഗ നിർണയം നടത്തിയത് 300 പേർ
കോഴിക്കോട്: അർബുദ രോഗ നിർണയം ചെലവു കുറഞ്ഞതും കാര്യക്ഷമവുമാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ച പെറ്റ് (പോസിട്രോൺ എമിഷൻ ടോമോഗ്രാഫി ) സി.ടി സ്‌കാൻ മെഷീൻ സാധാരണക്കാർക്ക് ആശ്വാസമാകുന്നു. സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ ആദ്യത്തെ പെറ്റ് സി.ടി സ്‌കാൻ മെഷീനാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്. 12 കോടി ചെലവിൽ ആശുപത്രി വികസന സൊസൈറ്റി മുൻകൈയെടുത്താണ് ആശുപത്രിയിലെ ന്യൂക്ലിയാർ മെഡിസിൻ വിഭാഗത്തിൽ മെഷീൻ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സി.ടി സ്‌കാനർ ആശുപത്രിയിൽ പ്രവർത്തന സജ്ജമായത്. 300 ലധികം രോഗികൾക്ക് ഇതുവരെ രോഗ നിർണയം നടത്തി.
@ പെറ്റ് സി.ടി സ്‌കാൻ
അർബുദ ബാധ നേരത്തേ കണ്ടെത്താനും രോഗത്തിന്റെ ഘട്ടം കൃത്യമായി നിർണയിക്കാനും ചികിത്സയ്ക്ക് ശേഷമുള്ള പുരോഗതി വിലയിരുത്താനും പെറ്റ് സ്‌കാൻ ഫലപ്രദമാണ്. റേഡിയോ ട്രേസേഴ്സ് ഇഞ്ചക്ട് ചെയ്ത ശേഷം സ്‌കാനിംഗ് ചെയ്യുന്ന രീതിയാണ് ഉപയോഗിക്കുന്നത്.ഈട്രേസറുകൾ അർബുദത്തിനുള്ള കോശങ്ങൾ കണ്ടെത്തി ഈ ഭാഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുംചെയ്യും.ഇതിലൂടെ അർബുദ കോശങ്ങൾ ശരീരത്തിൽ എവിടെയെല്ലാം പടർന്നിട്ടുണ്ടെന്ന് എളുപ്പത്തിൽ മനസിലാക്കാം. റേഡിയോ ആക്ടീവ് മരുന്ന് കുത്തിവെച്ചശേഷമാണ് സ്‌കാൻ ചെയ്യുന്നത്. കൊച്ചിയിലുള്ള മോളിക്യൂലാർ സൈക്ലോട്രോൺസ് സ്ഥാപത്തിൽ നിന്നാണ് മരുന്ന് ദിവസേന എത്തിക്കുന്നത്. 110 മിനിറ്റ് കഴിയുമ്പോൾ മരുന്നിന്റെ അളവ് പകുതിയായി കുറയുന്നതിനാൽ ഇവ കൂടുതൽ സൂക്ഷിച്ചു വെക്കാനാകില്ല. ഇഞ്ചക്ഷൻ മരുന്നിന് മാത്രം 2500 രൂപയോളം വിലവരും. സ്വകാര്യ സ്ഥാപനങ്ങൾ 12,000 മുതൽ 25,000 രൂപവരെ ഫീസ് ഈടാക്കുമ്പോൾ മെഡിക്കൽ കോളേജിൽ11,000 രൂപയേ ചെലവ് വരൂ. മാത്രമല്ല ആരോഗ്യ ഇൻഷ്വറൻസിൽ ചികിത്സ പൂർണമായും സൗജന്യമാണ്. അഞ്ചു മുതൽ പത്തു വരെ രോഗികളെയാണ് ഒരു ദിവസം സ്‌കാനിംഗിന് വിധേയരാകുന്നത്. നിലവിൽ സി.ടി, എം.ആർ.ഐ സ്‌കാനിംഗിലൂടെയാണ് രോഗനിർണയം നടത്തുന്നത്.
@ പെറ്റ് സി.ടി സ്‌കാൻ ഉപയോഗം
പ്രകടമല്ലാത്ത അർബുദം, അണുബാധ, ക്ഷയരോഗം, മറവി രോഗം, പാർക്കിൻസൺ എന്നിവ കണ്ടെത്താം. വേദനയില്ലാതെ രോഗനിർണയം നടത്താം. ഡിമെൻഷ്യ, പാർക്കിൻസൺ രോഗം എന്നിവയുടെ കാരണം കണ്ടെത്താനും തലച്ചോറിന്റെ പ്രവർത്തനം പഠിക്കാനും റേഡിയോ തെറാപ്പി ചികിത്സയുടെ കൃത്യമായ പ്ലാനിംഗ് നടത്താനും പെറ്റ് സി.ടി സ്‌കാൻ സഹായിക്കും.