തൃക്കരിപ്പൂർ ഓവർബ്രിഡ്ജിന് പച്ചക്കൊടി
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ വികസനത്തിന് മുതൽ കൂട്ടാകുമെന്നു കരുതുന്ന മൂന്ന് റെയിൽവെ ഓവർബ്രിഡ്ജുകളുടെ തുടർപ്രവർത്തനവുമായി മുന്നോട്ടുപോകാൻ അധികൃതരുടെ പച്ചക്കൊടി. ഇതു സംബന്ധിച്ച് ആർ.ബി.ഡി കോർപ്പറേഷന് നിർദ്ദേശം നൽകിയതായി ആർ.ബി.ഡി.സി ജനറൽ മാനേജർ അബ്ദുൾ സലാമും പ്രൊജക്റ്റ് എൻജിനീയർ അനീഷും തൃക്കരിപ്പൂർ പഞ്ചായത്ത് മുൻപ്രസിഡന്റ് സത്താർ വടക്കുമ്പാടിനെ അറിയിച്ചു.
നേരത്തെ കെ റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് തലപ്പാടി മുതൽ തിരുന്നാവായ വരെയുളള ഓവർബ്രിഡ്ജുകളുടെ തുടർപ്രവൃത്തി നിർത്തിവെക്കാൻ നിർദ്ദേശിച്ചത് മൂലമാണ് ഉദിനൂർ, വെള്ളാപ്പ്, ബിരിച്ചേരി ഓവർബ്രിഡ്ജുകളുടെ ഫയൽ വർക്ക് നിലച്ചത്. റെയിൽവേയുടെ ജനറൽ അലൈൻമെൻറ് ഡിസൈൻ ലഭിക്കുന്ന മുറയ്ക്ക് ലാൻഡ് അക്വിസിഷൻ പ്രവൃത്തിയുടെ മാർക്കിംഗ് പരിപാടി നടത്തും. ബിരിച്ചേരി, വെള്ളാപ്പ് പാലങ്ങൾ ഒന്നാക്കാനുള്ള ഔദ്യോഗിക നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് സത്താർ വടക്കുമ്പാട് അറിയിച്ചു.