ആക്‌സിസ് ബാങ്കിന് 5853 കോടി രൂപ അറ്റാദായം

Thursday 26 January 2023 1:19 AM IST
ആക്‌സിസ് ബാങ്കിന് 5853 കോടി രൂപ അറ്റാദായം

കൊച്ചി: ആക്‌സിസ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തിൽ അറ്റാദായം 62 ശതമാനം വർദ്ധനവോടെ 5853 കോടി രൂപയിലെത്തി. കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളർച്ചയാണ് കൈവരിക്കാനായത്. പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 51 ശതമാനവും ത്രൈമാസാടിസ്ഥാനത്തിൽ 20 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.

വായ്പകളുടെ കാര്യത്തിൽ 15 ശതമാനമാണ് വാർഷികാടിസ്ഥാനത്തിലെ വർദ്ധന. കറണ്ട്, സേവിംഗ്സ് അക്കൗണ്ടുകളുടെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ പത്തും ത്രൈമാസാടിസ്ഥാനത്തിൽ നാലും ശതമാനം വളർച്ച കൈവരിക്കാനായിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികൾ വാർഷികാടിസ്ഥാനത്തിൽ 44 അടിസ്ഥാന പോയിന്റുകൾ കുറഞ്ഞ് 0.47 ശതമാനത്തിലെത്തി.

ആഗോള തലത്തിലെ അനിശ്ചിതത്വത്തിനിടയിലും ഇന്ത്യ സമ്പദ്വ്യവസ്ഥയ്ക്കും ബിസിനസുകൾക്കും സ്ഥിരതയും അവസരങ്ങളും ലഭ്യമാക്കുന്നുവെന്ന് ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.