ഇ.എം.എസ് സഹകരണ ആശുപത്രി രണ്ടാംവാർഷികം 28ന്

Thursday 26 January 2023 12:37 AM IST

പത്തനംതിട്ട : ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷവും കാൻസർ അവബോധന ക്ലാസ്സും 28ന് രാവിലെ പത്തിന് ആശുപത്രി അങ്കണത്തിൽ നടക്കുമെന്ന് ആശുപത്രി ചെയർമാൻ പ്രൊഫ.ടി.കെ.ജി നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, കാഷ്വാലിറ്റി എന്നിവയോടെ തുടങ്ങിയ ആശുപത്രിയിൽ ഇപ്പോൾ ഓർത്തോപീഡിക് സർജറി, ജനറൽ സർജറി, ത്വക്ക്, ഇ.എൻ.ടി, കാർഡിയാക് എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഓപ്പറേഷൻ തീയറ്റർ, ഐ.സി.യു, വെന്റിലേറ്റർ, ലാബ്, എക്‌സറേ, യു.എസ്.ജി, ടി.എം.ടി എന്നീ സംവിധാനങ്ങളും നിലവിലുണ്ട്. എൻ.സി.ഡി.എയുടെ ധനസഹായത്തോടെ 300 കിടക്കകളോടുകൂടിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പദ്ധതിരേഖ സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്. പുതിയതായി ഫിസിയോതെറാപ്പി യൂണിറ്റ്, നെഫ്രോളജി, യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളും കൂടി ആരംഭിക്കും. അടുത്ത അദ്ധ്യയന വർഷത്തേക്ക് നഴ്‌സിംഗ് കോളേജ് ആരംഭിച്ച് ആദ്യബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ആശുപത്രി ചെയർമാൻ പ്രൊഫ ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ.അനന്തഗോപൻ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ആശുപത്രി വൈസ് ചെയർമാൻ പി.കെ.ദേവാനന്ദൻ, സെക്രട്ടറി അലൻ മാത്യു തോമസ് എന്നിവരും പങ്കെടുത്തു.