പരേഡ് നായകനായി പതിനേഴാം തവണ
പത്തനംതിട്ട : ഇന്നത്തെ റിപ്പബ്ളിക് ദിന പരേഡ് നയിക്കുന്ന ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് വടശേരിക്കര പേഴുംപാറ മനോഹരഭവനിൽ എം.സി.ചന്ദ്രശേഖരന് ഇത് പതിനേഴാമത്തെ പരേഡാണ്. ഇതിന് മുൻപ് ജില്ലയിൽ 2018ലെ സ്വാതന്ത്ര്യദിന പരേഡിനും പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2019ലെ റിപ്പബ്ലിക് ദിന പരേഡിനും സ്വാതന്ത്ര്യ ദിന പരേഡിനും പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2023ലെ പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും നേതൃത്വം നൽകി. 2008 മുതൽ 2015 വരെ റിപ്പബ്ലിക്, സ്വാതന്ത്ര്യദിന പരേഡുകൾക്ക് പ്ലാറ്റൂൺ കമാൻഡറായി ജില്ലാ സായുധ സേനാ പൊലീസിനെ അദ്ദേഹം നയിച്ചു. 2016ൽ തൃശ്ശൂരിൽ നടന്ന സ്വാതന്ത്ര്യ ദിനം, പൊലീസ് രക്തസാക്ഷിത്വ അനുസ്മരണം, 2021 ലെറിപ്പബ്ലിക് ദിനം എന്നീ പരേഡുകൾക്കും അദ്ദേഹം നേതൃത്വം നൽകി.
തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരേഡായ പൊലീസ് രക്ത സാക്ഷിത്വ അനുസ്മരണ പരേഡിന് 2021 ഒക്ടോബർ 21ന് അദ്ദേഹം നേതൃത്വം നൽകി. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ഈ പരേഡിനു കൂടി നേതൃത്വം നൽകുമ്പോൾ ചന്ദ്രശേഖരൻ നയിക്കുന്ന പതിനേഴാമത്തെ പരേഡാകും. ജില്ലാ ആസ്ഥാനത്ത് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കുന്ന ആദ്യത്തെ പരേഡ് കൂടിയാണ് ഇന്നത്തേത്.