തിരുവല്ല നഗരസഭയിലും പക്ഷിപ്പനി; ആശങ്കയോടെ ജനങ്ങൾ 

Thursday 26 January 2023 12:42 AM IST

തിരുവല്ല : താലൂക്കിലെ നെടുമ്പ്രം പഞ്ചായത്തിന് പിന്നാലെ തിരുവല്ല നഗരസഭ പ്രദേശത്തെ രണ്ട് വാർഡുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു. നഗരസഭയിലെ വാർഡ് 34 (മേരിഗിരി), വാർഡ് 38 (മുത്തൂർ) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളിൽ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിൾ കഴിഞ്ഞ 17ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (എൻ.ഐ.എച്ച്.എസ്.എ. ഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ഇന്നലെ ലഭ്യമായപ്പോഴാണ് പക്ഷിപ്പനി (എച്ച് 5 എൻ1) സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുവല്ല, ഓതറ (ഇരവിപേരൂർ), കവിയൂർ, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂർ, നെടുമ്പ്രം, കടപ്ര എന്നീ പ്രദേശങ്ങളും പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നത്. രോഗലക്ഷണം കാണപ്പെട്ടതിനെ തുടർന്ന് തുകലശ്ശേരി, കറ്റോട് ,നെടുമ്പ്രം എന്നീ പ്രദേശങ്ങളിലെ ചില വീടുകളിൽ വളർത്തുന്ന കോഴികളുടെ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇത് അടുത്തദിവസം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയയ്ക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.