സിറാജ് ഒന്നാം റാങ്കിൽ

Wednesday 25 January 2023 11:00 PM IST

ദുബായ്: ശ്രീലങ്കയ്‌ക്കെതിരേയും ന്യൂസിലാൻഡിനെതിരേയും നടന്ന പരമ്പരകളിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഐ.സി.സി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. 729 റേറ്റിംഗ് പോയിന്റോടെയാണ് സിറാജ് ഒന്നാം റാങ്കിലേക്ക് കുതിച്ചത്. കഴിഞ്ഞ വർഷത്തെ ഐ.സി.സിയുടെ ഏകദിന ടീമിലും സിറാജ് ഇടംപിടിച്ചിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഒമ്പത് വിക്കറ്റുകളും കിവീസിനെതിരായ പരമ്പരയിൽ അഞ്ച് വിക്കറ്റുകളുമാണ് സിറാജ് വീഴ്ത്തിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ ചുക്കാൻ പിടിച്ചത് സിറാജായിരുന്നു. രണ്ട് പരമ്പരകളും തൂത്തുവാരാൻ ഇന്ത്യയെ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ചതും സിറാജാണ്.

2022 ജനുവരിയിൽ ബൗളിംഗ് റാങ്കിംഗിൽ 279-ാം സ്ഥാനത്തായിരുന്നു സിറാജ്.

2022 ഡിസംബറായപ്പോഴേക്കും അത് 18 ആയി.

2022-ൽ 15 ഏകദിന മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.

ഗിൽ ആറാം റാങ്കിൽ

ന്യൂസിലാൻഡിനും ലങ്കയ്ക്കുമെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ആറാം സ്ഥാനത്തെത്തി. 20 പടവുകൾ കയറിയാണ് ഗിൽ ആറാമതെത്തിയത്. . ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 360 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ഡബിൾ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിൾ ഉൾപ്പെടും. ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

2023ൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവെയ്ക്കുന്ന ഗിൽ വെറും ആറ് ഇന്നിംഗ്സുകളിൽ നിന്ന് 567 റൺസാണ് അടിച്ചെടുത്തത്. 113.40 ആണ് താരത്തിന്റെ ശരാശരി. ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അതിവേഗത്തിൽ 1000 റൺസ് നേടുന്ന താരം എന്ന റെക്കോഡും ഗിൽ സ്വന്തമാക്കിയിരുന്നു.

ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡ്യൂസ്സനും ക്വിന്റണ്‍ ഡിക്കോക്കും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ആദ്യ പത്തില്‍ ഗില്ലിനെക്കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങളുമുണ്ട്. വിരാട് കോലി ഏഴാം റാങ്കിലും രോഹിത് ശര്‍മ ഒന്‍പതാം സ്ഥാനത്തുമുണ്ട്.