ആടിയും പാടിയും വിദ്യാർത്ഥികൾ പറഞ്ഞു 'കലയാണ് ലഹരി '

Thursday 26 January 2023 12:56 AM IST
വിമുക്തി മിഷൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ' ലഹരിയില്ല തെരുവ് ' പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പുലിക്കളി.

കോഴിക്കോട്: 'കലയാണ് ലഹരി'യെന്ന സന്ദേശവുമായി വിദ്യാർത്ഥികൾ കടപ്പുറത്ത് ഒത്തുകൂടി, ആടിയും പാടിയും അവർ പറഞ്ഞു ലഹരി വേണ്ട. സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി

കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച 'ലഹരിയില്ലാ തെരുവിലാണ് ' വിദ്യാർത്ഥികൾ ഒത്തുകൂടിയത്. വിമുക്തി മിഷൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ജില്ലയിലെ 400 ലധികം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കാളികളായി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ സന്ദേശമുയർത്തി കലാമത്സരങ്ങൾ, ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, പദ്യപാരായണം, പ്രസംഗം തുടങ്ങിയ പരിപാടികളും അരങ്ങേറി. ഉണർവ്, നേർവഴി, കരുതൽ, കവചം എന്നീ നാല് വേദികളിലായാണ് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചത്. വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മിമിക്രി , ബാന്റ് മേളം, പുലിക്കളി എന്നിവയും അരങ്ങേറി. കലാസന്ധ്യ ആസ്വദിക്കാൻ നിരവധി പേരാണ് ബീച്ചിലെത്തിയത്. ജില്ലാ ഇൻഫർമേഷന്റെ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനവും നടന്നു.

പൊലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ് ,ഡി.ടി.പി.സി, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡൻസ് എന്നിവരും പരിപാടിയിൽ പങ്കാളികളായി. സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, വിമുക്തി മാനേജർ എ.ജെ ബെഞ്ചമിൻ, ജില്ലാ വിമുക്തി കോ ഓർഡിനേറ്റർ പ്രിയ എന്നിവർ പ്രസംഗിച്ചു. പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാരത്തണിൽ പങ്കെടുത്ത ജിമ്മി ജോണിനെ ആദരിച്ചു.

സൈക്കിൾ റാലി ഇന്ന്

ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്തി വിമുക്തി മിഷന്റെ സൈക്കിൾ റാലി ഇന്ന് നടക്കും. കോഴിക്കോട് സൗത്ത് ജില്ലാ ഹയർ സെക്കൻഡറി എൻ.എസ്.എസ്, ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ച് തുടങ്ങിയവരുടെ സഹകരണത്തോടെ രാവിലെ 7.15ന് നടക്കുന്ന സൈക്കിൾ റാലി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച് കുറ്റിച്ചിറയിലെത്തുന്ന റാലി പൗര പ്രമുഖരുടെയും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ബോധവത്കരണ സന്ദേശങ്ങൾ കൈമാറി യാത്ര തുടരും. വലിയങ്ങാടി, ബീച്ച് വഴി വെസ്റ്റ് ഹിൽ ചുങ്കത്തിലൂടെ കാരപ്പറമ്പിൽ പ്രവേശിച്ച് കരുവശ്ശേരി എം ഭാസ്കരൻ സ്മാരക പകൽ വീട്ടിൽ സമാപിക്കും. കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്കർ, അസി.എക്സൈസ് കമ്മിഷണർ എം.സുഗുണൻ എന്നിവർ പങ്കെടുക്കും.