വനിതാ ഐ.പി.എൽ: 4,670 കോടി ക്ക് അഞ്ചുടീമുകൾ

Wednesday 25 January 2023 11:02 PM IST

മുംബയ്: പ്രഥമ വനിതാ ഐ.പി.എല്ലിലെ അഞ്ച് ഫ്രാഞ്ചൈസികളെയും കോടികൾ മുടക്കി വമ്പൻ കമ്പനികൾ സ്വന്തമാക്കി . ആകെ 4,670 കോടി രൂപയാണ് ടീമുകൾക്ക് വേണ്ടി കമ്പനികൾ മുടക്കിയത്. 2008-ലെ പ്രഥമ ഐ.പി.എല്ലിന് ലഭിച്ചതിനേക്കാളേറെ തുകയാണ് വനിതാ ഐ.പി.എല്ലിന് ലഭിച്ചതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. വിമൻസ്‌ പ്രീമിയർ ലീഗ് എന്ന പേരിലാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്നും ജയ് ഷാ അറിയിച്ചു. അഹമ്മദാബാദ്, മുംബയ്, ബെംഗളൂരു, ഡൽഹി, ലഖ്‌നൗ എന്നീ അഞ്ച് ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് ലേലം നടന്നത്.

1,289 കോടി രൂപ മുടക്കി അദാനി സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കി. 912.99 കോടി രൂപ മുടക്കി ഇന്ത്യ വിൻ സ്‌പോർട്‌സ് ലിമിറ്റഡ് മുംബയ് ഫ്രാഞ്ചൈസിയെ വാങ്ങി. മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമകളാണ് മുകേഷ് അംബാനിയുടെ ഇന്ത്യ വിൻ സ്‌പോർട്‌സ് ലിമിറ്റഡ്.

901 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരു ഫ്രാഞ്ചൈസി സ്വന്തമാക്കി. ഐ.പി.എല്ലിലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം ഈ ഗ്രൂപ്പിന്റെ കീഴിലാണ്.

810 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിന്റെ ഉടമകളായ ജെ.എസ്.ഡബ്ല്യു ജി.എം.ആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഫ്രാഞ്ചൈസി വാങ്ങി.

757 കോടി രൂപയ്ക്ക് കാപ്രി ഗ്ലോബൽ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി.

ആകെ അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐ.പി.എല്ലിൽ മാറ്റുരയ്ക്കുന്നത്. വനിതാ പ്രീമിയർ ലീഗിന്റെ സംപ്രേഷണ അവകാശം 951 കോടി രൂപ മുടക്കി വയാകോം 18 നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 2023 മുതൽ 2027 വരെയാണ് കരാർ.