ഒന്നാണ് നമ്മൾ
മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് എത്തുമ്പോൾ ഐ.സി.സി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു ന്യൂസിലാൻഡ്. ഇന്ത്യ മൂന്നാം സ്ഥാനത്തും. കഴിഞ്ഞ രാത്രി ഇൻഡോറിൽ മൂന്നാം ഏകദിനത്തിലും ഇന്ത്യ ജയിച്ചുകഴിഞ്ഞതോടെ റാങ്കിംഗിൽ ഇന്ത്യ ഒന്നാമതും കിവീസ് നാലാമതുമായി.
ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയാണ് ഇന്ത്യ ഏകദിനത്തിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിനത്തിൽ 90 റൺസിനായിരുന്നു രോഹിതിന്റെയും സംഘത്തിന്റെയും വിജയം.
114 പോയിന്റുമായാണ് റാങ്ക് പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയത്. 113 പോയിന്റുമായി ഇംഗ്ലണ്ടാണ് പട്ടികയിൽ രണ്ടാമത്. 112 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതുണ്ട്. 111 പോയിന്റാണ് നാലാമതുള്ള ന്യൂസിലാൻഡിനുള്ളത്.പാകിസ്താനാണ് അഞ്ചാം റാങ്കിൽ.
ട്വന്റി 20യിലും ഏകദിനത്തിലും ഇന്ത്യ ഒന്നാം റാങ്കിലെത്തി. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാമതാണ്.
2002ലാണ് ഐ.സി.സി ടീം റാങ്കിംഗ് ആരംഭിച്ചത്.
2017ലാണ് ഇന്ത്യ ആദ്യമായി ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. അന്ന് ഇൻഡോറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കിക്കൊണ്ടാണ് ഇന്ത്യ ഒന്നാം റാങ്കിലേക്ക് എത്തിയത്.
2017ൽ ഇന്ത്യ ടെസ്റ്റിലും ഏകദിനത്തിലും ഒരേ സമയം ഒന്നാം റാങ്കിലായിരുന്നു.
പരമ്പര വിജയം ഇങ്ങനെ
1. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 12 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 349/8 എന്ന സ്കോർ ഉയർത്തി. ശുഭ്മാൻ ഗിൽ ഇരട്ടസെഞ്ച്വറി (208) നേടി. കിവീസ് 49.2 ഓവറിൽ 337 റൺസ് വരെ പൊരുതിയെത്തി കീഴടങ്ങി. 78 പന്തുകളിൽ 140 റൺസുമായി മൈക്കേൽ ബ്രേസ്‌വെല്ലാണ് കിവീസിനായി പൊരുതിയത്. മാൻ ഒഫ് ദ മാച്ച് : ശുഭ്മാൻ ഗിൽ.
2.റായ്പുരിൽ നടന്ന രണ്ടാം ഏകദിനത്തിൽ കിവീസിനെ 108 റൺസിൽ ആൾഒൗട്ടാക്കിയശേഷം ഇന്ത്യ 20.1ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആറോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി മാൻ ഒഫ് ദ മാച്ചായി.
3.ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മയും (101),ശുഭ്മാൻ ഗില്ലും (112) സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ 385/9 എന്ന സ്കോറിലെത്തി. കിവീസിന്റെ മറുപടി 41.2 ഓവറിൽ 295ലൊതുങ്ങി. 25 റൺസ് നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശാർദൂൽ താക്കൂറാണ് മാൻ ഒഫ് ദ മാച്ച്.
360
ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 360 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് പരമ്പരയിലെ മികച്ചതാരം.
ട്വന്റി ട്വന്റി പരമ്പര നാളെ മുതൽ
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് ട്വന്റി ട്വന്റികളുടെ പരമ്പര നാളെ ആരംഭിക്കും.റാഞ്ചിയിലാണ് ആദ്യ മത്സരം. ഞായറാഴ്ച ലക്നൗവിലും അടുത്ത ബുധനാഴ്ച അഹമ്മദാബാദിലുമാണ് മറ്റുമത്സരങ്ങൾ.
രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങൾ ട്വന്റി ട്വന്റിക്കുള്ള ഇന്ത്യൻ ടീമിൽ കളിക്കുന്നില്ല.ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക. സൂര്യകുമാർ യാദവ് വൈസ് ക്യാപ്ടനാവും. പൃഥ്വി ഷാ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജിതേഷ് ശർമ്മ, മുകേഷ് കുമാർ എന്നീ യുവതാരങ്ങൾ ടീമിലുണ്ട്. മിച്ചൽ സാന്റ്നറാണ് കിവീസിനെ നയിക്കുന്നത്. മൈക്കേൽ ബ്രേസ്‌വെൽ,ഫിൻ അല്ലെൻ,ഡെവോൺ കോൺവേയ്,മാർക്ക് ചാപ്മാൻ തുടങ്ങിയവർ ടീമിലുണ്ടാവും.