നെല്ലളന്ന തുക എവിടെയെന്ന് കർഷകർ, കൈമലർത്തി സപ്ലൈക്കോ

Thursday 26 January 2023 12:59 AM IST

പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണം പൂർത്തിയായിട്ടും അളന്ന നെല്ലിന്റെ വില ലഭിക്കാതെ 13,000 കൃഷിക്കാർ ദുരിതത്തിൽ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നെല്ലിന്റെ വില വിതരണത്തെ ബാധിച്ചത്. കേരളത്തിലാകെയുള്ള കൃഷിക്കാർക്ക് 146 കോടി രൂപ നൽകാനുണ്ടെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. പാലക്കാട് മാത്രം 89 കോടി ലഭിക്കാനുണ്ട്.

നവംബറിൽ നെല്ലളന്നവർക്ക് പോലും ഇനിയും വില ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്നര മാസമായി തുക വിതരണം തടസപ്പെട്ടു. എപ്പോൾ പുനഃരാരംഭിക്കുമെന്ന് വ്യക്തമല്ല. കൃഷിക്കാർക്ക് നൽകാനുള്ള തുകയെ കുറിച്ച് സപ്ലൈകോയ്ക്കും മറുപടിയില്ല. കേന്ദ്രത്തിൽ നിന്ന് 220 കോടിയും സംസ്ഥാനത്ത് നിന്ന് 750 കോടിയും സപ്ലൈകോയ്ക്ക് ലഭിക്കാനുണ്ട്. ഈ തുക കിട്ടിയാൽ മാത്രമേ തുക വിതരണം പുനഃരാരംഭിക്കൂ.

ഡിസംബർ ഒമ്പതുവരെ പേയ്‌മെന്റ് ഓർഡർ അനുവദിച്ച കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് സംഭരണ വില നൽകിയെന്നാണ് സപ്ലൈകോ അറിയിപ്പ്. അതേ സമയം നവംബർ 20ന് നെല്ലളന്നവർക്ക് പോലും ഇനിയും തുക ലഭിക്കാനുണ്ടെന്ന് കർഷകർ പറയുന്നു.

ജില്ലയിൽ ഒന്നാംവിളയിൽ 1.13 ലക്ഷം മെട്രിക് ടൺ നെല്ലാണ് ശേഖരിച്ചത്. 59,938 കൃഷിക്കാരാണ് ഒന്നാംവിള സംഭരണത്തിനായി സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 45,540 കർഷകർ കോർപ്പറേഷന് നെല്ലളന്നു. ജില്ലയിൽ ഇതുവരെ 226.9 കോടി രൂപയാണ് നെല്ലിന്റെ വിലയിനത്തിൽ നൽകിയത്. ഇനി വളരെക്കുറച്ച് കർഷകരിൽ നിന്ന് മാത്രമേ നെല്ലെടുക്കാനുള്ളൂ. ഒന്നാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില കിട്ടാതായതോടെ കൃഷിക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭൂരിഭാഗം കൃഷിക്കാരും കടം വാങ്ങിയാണ് രണ്ടാംവിള കൃഷിയിറക്കിയിട്ടുള്ളത്. തുടർന്നും തുക ലഭിക്കാതായതോടെ വള പ്രയോഗത്തിനും മറ്റും വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയാണ്.