മംഗലം ഡാമിലെ മണ്ണെടുക്കൽ നിലച്ചിട്ട് ഒരു വർഷം

Thursday 26 January 2023 12:55 AM IST
മംഗലം ഡാമിൽ മണ്ണെടുക്കാൻ കൊണ്ടുവന്ന ഡ്രെഡ്ജർ റിസർവോയറിൽ കിടക്കുന്നു.

മംഗലംഡാം: മംഗലം ഡാമിലെ മണ്ണെടുക്കൽ പ്രവൃത്തി നിശ്ചലമായി ഒരു വർഷമായിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തം. മൂന്നുവർഷം കൊണ്ട് ഡാമിലെ മണ്ണും മണലും നീക്കം ചെയ്ത് ജല സംഭരണം വർദ്ധിപ്പിച്ച് നാല് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി വെള്ളം കണ്ടെത്തുമെന്നായിരുന്നു പ്രഖ്യാപനം.

2020 ഡിസംബറിലാണ് ഡാമിൽ മണ്ണെടുപ്പ് ജോലികൾ ആരംഭിച്ചത്. പണി തുടങ്ങി 30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കണമെന്നായിരുന്നു കരാർ. തുടക്കത്തിൽ നല്ല രീതിയിൽ നടന്ന പ്രവൃത്തി പിന്നീട് നിലച്ചു. ഇപ്പോൾ യന്ത്ര സംവിധാനങ്ങളെല്ലാം കാടുമൂടിയ നിലയിലാണ്. മണ്ണെടുക്കുന്ന ഡ്രഡ്‌ജർ റിസർവോയറിൽ കിടപ്പാണ്. പൊൻകണ്ടം റോഡിൽ റിസർവോയറിന്റെ കരയിൽ സ്ഥാപിച്ച മണൽ സോർട്ടിംഗ് പ്ലാന്റും കാടുമൂടി.

130 കോടി രൂപയുടെ കുടിവെള്ള പദ്ധതി പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് മണ്ണുനീക്കൽ അനിശ്ചിതത്വത്തിലായത്. മഴക്കാലത്ത് പ്ലാന്റ് പ്രവർത്തിപ്പിച്ച് മണൽ തരം തിരിക്കുന്ന പ്രവൃത്തി നടത്താൻ ഡാമിന്റെ പല ഭാഗത്തും മണ്ണ് കുന്നുകൂട്ടിയിട്ടു. ഇന്നതെല്ലാം പൊന്തക്കാട് കയറി. ഡാം പരിസരം അനാഥാവസ്ഥയിലാണ് ഇപ്പോൾ. നിരീക്ഷണ കാമറകളും ലൈറ്റ് പോസ്റ്റുകളും സെക്യൂരിറ്റി ഷെഡുമെല്ലാം കാടുപിടിച്ചു. അതല്ലെങ്കിൽ ഈ ഭാഗത്ത് ഒരാൾക്ക് കടക്കണമെങ്കിൽ സെക്യൂരിറ്റിയുടെ പ്രത്യേക അനുമതി വേണം. ദൂരെ നിന്ന് ഡാമിന്റെ പടം മൊബൈൽ പകർത്തുന്നതിന് പോലും വിലക്കായിരുന്നു. ഇപ്പോൾ ഒന്നുമില്ല. 2020 ഡിസംബർ 17നാണ് മണ്ണുനീക്കൽ ആരംഭിച്ചത്.

വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യം വെച്ചാണ് മണ്ണ് നീക്കം തുടങ്ങിയത്. പഞ്ചായത്ത് റോഡുകളെല്ലാം വെട്ടിപ്പൊളിച്ച് പദ്ധതിയുടെ പൈപ്പിടൽ തകൃതിയായി നടക്കുന്നുമുണ്ട്.

വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. അതല്ലെങ്കിൽ 130 കോടിയുടെ കുടിവെള്ള പദ്ധതിയും പാഴാകും.