ജില്ലയിൽ രോഗവ്യാപനം കൂടി മൂളിപ്പറന്ന് ഡെങ്കി

Thursday 26 January 2023 12:46 AM IST

മലപ്പുറം: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ആവർത്തിക്കുമ്പോഴും ജില്ലയിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് കാര്യമായ കുറവില്ല. പത്ത് ദിവസത്തിനിടെ 28 പേരെ ഡെങ്കി രോഗലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ 11 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എടവണ്ണ,​ തൃക്കലങ്ങോട്,​ മമ്പാട്,​ എടപ്പറ്റ,​ കരുവാരക്കുണ്ട്,​ കാളികാവ്,​ ഊരകം,​ ചാലിയാർ,​ നിലമ്പൂർ,​ ആനക്കയം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴി‍ഞ്ഞ‍ മാസത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകളുടെ എണ്ണം ജില്ലയിൽ കൂടിയിട്ടുണ്ട്. അതേസമയം എലിപ്പനി രോഗബാധിതരുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണ്. മാറഞ്ചേരിയിൽ ഒരുകേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരെയാണ് എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. വൈറൽപനി ബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവില്ല. ദിവസം ശരാശരി 1,​000 പേർ ചികിത്സ തേടുന്നുണ്ട്. പത്ത് ദിവസത്തിനിടെ 10,​640 പേർ വൈറൽ പനി ബാധിതരായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്.

കുടിവെള്ളത്തിൽ വേണം ശ്രദ്ധ

വേനൽ കടുക്കും മുമ്പ് തന്നെ ജില്ലയുടെ പല പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ട്. ശുദ്ധജലത്തിന്റെ അഭാവം ജലജന്യ രോഗങ്ങളുടെ വർദ്ധനവിന് വഴിയൊരുക്കും. അതിസാര രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 2,​118 പേർ ചികിത്സ തേടി. മുൻമാസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുന്നുണ്ട്.

കൂടെയുണ്ട് കൊവിഡ്

കൊവി‌ഡ് വ്യാപനം വലിയതോതിൽ കുറ‌ഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിൽ രോഗം ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുമ്പോൾ നടത്തുന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ പോലും കൊവിഡ് പരിശോധന നടത്താറില്ല. പത്ത് ദിവസത്തിനിടെ എട്ട് കൊവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

പത്ത് ദിവസത്തെ കണക്കിങ്ങനെ

വൈറൻ പനി - 10,​640

ഡെങ്കി - 11

എലിപ്പനി - 1

അതിസാരം - 2,​184

ചിക്കൻപോക്സ് - 181

കൊവിഡ് - 8