സർവകലാശാല ബിൽ രാഷ്‌ട്രപതിക്ക് വിടും: ഗവർണർ

Thursday 26 January 2023 12:52 AM IST

തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്‌ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. രാജ്ഭവന് മറ്റ് വഴികളില്ല. കൺകറന്റ് ലിസ്റ്റിൽ ഇല്ലായിരുന്നെങ്കിൽ ബില്ലിൽ ഒപ്പിടുമായിരുന്നു. നിയമനിർമാണ സ്വാതന്ത്ര്യം സർക്കാരിനുണ്ട്. അത് ചോദ്യം ചെയ്യുന്നില്ല പക്ഷേ അത് കോടതി വിധികൾ മാനിച്ചായിരിക്കണം. സർക്കാരുമായി പോരിനില്ല. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവുമല്ല. തെറ്റുകൾ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയേക്കാൾ ബി.ബി.സി.യെ മാനിക്കുന്നവർക്ക് അതാവാമെന്നും ഡോക്യുമെന്ററി വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ഇന്ത്യ ലോകനേതാവായി മാറുന്നതിൽ ചിലർക്ക് നിരാശ ഉണ്ടാകാം.ഇന്ത്യ ഛിന്നഭിന്നമാകാൻ അവർക്ക് ആഗ്രഹം ഉണ്ടാകും. ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായപ്പോൾ പോലും ചിലർ അസഹിഷ്ണുത കാണിച്ചു. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ചിലർക്ക് രോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement