ട്രോപ്പിക്കൽ ട്രെയിൽ : ജെ.കെ. സ്‌മാരക കാർ റാലി ഇന്ന്

Thursday 26 January 2023 1:03 AM IST

കൊല്ലം: അന്തരിച്ച ആർക്കിടെക്‌റ്റ് ജയകൃഷ്‌ണന്റെ സ്‌മരണ്‌ക്കായി പ്രിയസുഹൃത്തുക്കൾ ആർക്കിടെക്‌റ്റുകൾക്കു വേണ്ടി മാത്രമായി സംഘടിപ്പിക്കുന്ന ആദ്യത്തെ കാർ റാലി ഇന്ന് നടക്കും. ട്രോപ്പിക്കൽ ട്രെയിൽ എന്ന് പേരിട്ടിരിക്കുന്ന കാർ റാലി കൊച്ചിയിൽ നിന്ന് വാഗമണ്ണിലേക്കാണ്. കാക്കനാട്ടെ 1947 ഇന്ത്യൻ റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ രാവിലെ എട്ട് മണിക്ക് ജയകൃഷ്ണന്റെ ഭാര്യ നിഷയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌റ്റ്‌സ് കേരള ചാപ്റ്റർ ചെയർമാൻ എൽ. ഗോപകുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌റ്റ്‌സിന്റെ സജീവ അംഗമായിരുന്ന ജയകൃഷ്ണൻ കേരള ചാപ്റ്ററിന്റെ സെക്രട്ടറിയായും കൊല്ലം സെന്ററിന്റെ ചെയർമാനായും പ്രവർത്തിച്ചിരുന്നു. ആർക്കിടെക്‌റ്റുകൾ മാത്രം പങ്കെടുക്കുന്ന കാർ റാലി ജയകൃഷ്ണന്റെ സ്വപ്നമായിരുന്നെന്നും ഇനി എല്ലാ വർഷവും റാലി സംഘടിപ്പിക്കുമെന്നും ട്രോപ്പിക്കൽ ട്രെയിൽ കൺവീനർ പ്രശാന്ത് മോഹനും കോ കൺവീനർ നിരഞ്ജൻ ദാസ് ശർമ്മയും അറിയിച്ചു.

ഐ. ഐ. എ കേരള ചാപ്റ്ററുമായി ചേർന്ന് ഐ. ഐ. എ കൊല്ലം സെന്റർ ആണ് റാലി സംഘടിപ്പിക്കുന്നത്. കേരളമെമ്പാടും നിന്നുള്ള ആർക്കിടെക്റ്റുകളുടെയും കുടുംബങ്ങളുടെയും 33 ടീമുകൾ റാലിയിൽ പങ്കെടുക്കും. വിവിധ പ്രായത്തിലുള്ള അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 50 വയസിന് മുകളിലുള്ളവരുടെ ടീമുകളും ഉണ്ടാവും. പ്രോഫഷണൽ പരിശീലനം കിട്ടിയ മാർഷൽമാർ റാലിക്ക് നേതൃത്വം നൽകും.

ആർക്കിടെക്‌റ്റുകളെയും കുടുംബങ്ങളെയും സഹായിക്കാനുള്ള ആർക്കിടെക്‌റ്റ്‌സ് ബെനവലന്റ് സൊസൈറ്റിയുടെ പ്രൊമോഷനും റാലിയുടെ ലക്ഷ്യമാണ്.

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വാഗമൺ ഓറിയോൺ കൗണ്ടി റിസോർട്ടിൽ റാലി സമാപിക്കും. തുടർന്ന് കേരള ചാപ്റ്ററിന്റെ കൺവെൻഷൻ നടക്കും. വൈകിട്ട് ഏഴ് മണിക്ക് സമാപന ചടങ്ങ്. തുടർന്ന് ഡിന്നറും സംഗീത നിശയും. 27,​28 തീയതികളിൽ 'എൻസ്റ്റോറീസ് 'എന്ന പേരിൽ നടക്കുന്ന കൺവെൻഷനിൽ നാനൂറോളം ആർക്കിടെക്‌റ്റുകൾ പങ്കെടുക്കും.