ശമ്പളപരിഷ്ക്കരണകുടിശിക നൽകുന്നത് മരവിപ്പിച്ചു

Thursday 26 January 2023 1:11 AM IST

തിരുവനന്തപുരം: ഏഴാം ശമ്പളപരിഷ്ക്കരണം പ്രകാരം സംസ്ഥാനത്തെ സർവ്വകലാശാലകളിലെയും ലാ കോളേജുകളിലെയും അദ്ധ്യാപകർക്കും ജീവനക്കാർക്കും നൽകാനുള്ള കുടിശിക നൽകുന്നത് മരവിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.കുടിശിക ഇൗ വർഷം ജനുവരി ഒന്നുമുതൽ തവണകളായി വിതരണം ചെയ്യുമെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. യു.ജി.സി,എ.ഐ.സി.ടി.ഇ. എന്നീ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുമെന്ന് കരുതിയിരുന്ന സാമ്പത്തികസഹായം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കുടിശിക നൽകാനുള്ള തീരുമാനം തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇത് എന്ന് നൽകാനാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ നൽകുമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്.