നെടുമൺകാവ് റോഡിൽ വഴിമുടക്കി പൊലീസ് പിടിച്ചിട്ട വണ്ടികൾ

Thursday 26 January 2023 12:14 AM IST
എഴുകോൺ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷന് മുന്നിൽ റോഡ് കൈയേറി വളവിൽ പാർക്ക് ചെയ്തിരിക്കുന്നു.

എഴുകോൺ : എഴുകോൺ പൊലീസ് സ്റ്റേഷന് മുന്നിലെ നെടുമൺകാവ് റോഡിൽ ഗതാഗതക്കുരുക്ക്. വിവിധ കുറ്റങ്ങൾക്ക് പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ റോഡ് കൈയ്യടക്കി പാർക്ക് ചെയ്തിരിക്കുന്നതാണ് കാരണം. സ്റ്റേഷന് മുന്നിൽ ബദാം ജംഗ്ഷനിലെ അപകടകരമായ വളവിന്റെ ഇരുവശത്തും വാഹനങ്ങൾ നിരന്നതോടെയാണ് കുരുക്ക് മുറുകിയത്. അപകട സാദ്ധ്യതയും ഏറി. നിയമ ലംഘനത്തിന് പിടിയിലായ വലിയ ടൂറിസ്റ്റ് ബസാണ് ഒരു വശത്ത്. മറുവശത്ത് ഒത്ത വളവിൽ തന്നെ ടോറസ് ലോറി കൂടി കൊണ്ടിട്ടത് ഫലത്തിൽ വഴിയടക്കുന്നതിന് തുല്യമായി. പിടിയിലാകുന്ന വാഹനങ്ങൾ ഗതാഗത തടസമില്ലാതെ പാർക്ക് ചെയ്യിക്കുന്നതിന് പൊലീസുകാർ മേൽനോട്ടം വഹിക്കാറില്ല. ഇത് മുതലെടുത്ത് ഡ്രൈവർമാർ തന്നിഷ്ട പ്രകാരം വാഹനങ്ങൾ പാർക്ക് ചെയ്തു പോവുകയാണ് പതിവ്. ഇതു മൂലം പരിസര വാസികളും ഏറെ ബുദ്ധിമുട്ടിലാണ്.