കൊവിഡ് ടെസ്റ്റില്ലാതെ പോസ്റ്റുമോർട്ടം നടത്താം, സംശയമുണ്ടെങ്കിൽ മാത്രം  ടെസ്റ്റ്

Thursday 26 January 2023 12:21 AM IST

തിരുവനന്തപുരം: കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടത്തിന് മുമ്പ് മൃതദേഹങ്ങൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന ആരോഗ്യവകുപ്പ് പിൻവലിച്ചു. മരണകാരണം കൊവിഡാണെന്ന ശക്തമായ ക്ലിനിക്കൽ സംശയം ഉണ്ടെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതി.

അതേസമയം, പോസ്റ്റ്‌മോർട്ടം സമയത്ത് ആരോഗ്യ പ്രവർത്തകർ പി.പി.ഇ കിറ്റ്, എൻ-95 മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് തുടങ്ങിയ സുരക്ഷാ മുൻകരുതലെടുക്കണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കിൽ മാനദണ്ഡങ്ങൾ പാലിക്കണം. കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങൾ മുറിക്കുക തുടങ്ങിയവ ചെയ്യുന്നവർ കൈയുറ, ഫേസ് ഷീൽഡ്/ കണ്ണട, മെഡിക്കൽ മാസ്‌ക്, നീളത്തിൽ കൈയുള്ള വസ്ത്രം എന്നിവ ധരിക്കണം. പ്രവൃത്തി കഴിഞ്ഞാലുടൻ വസ്ത്രം ഉടൻ നീക്കം ചെയ്യണം. സോപ്പുപയോഗിച്ച് കഴുകണം.

മറ്റ് നിർദ്ദേശങ്ങൾ

60 വയസിന് മുകളിലുള്ളവരും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗമുള്ളവരും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് ഇടപെടരുത്

മുഴുവൻ ഡോസ് വാക്സിനും എടുത്തവർ മൃതദേഹം കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം

മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം

മൃതദേഹവുമായി ഇടപെടുന്നവർ സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം

14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവയുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം

വീട്ടിൽ വച്ച് മരണം സംഭവിച്ചാൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ച് അവർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണം