പ്രോജക്ട് മോഡ് കോഴ്സുകളിൽ 5 വർഷ കരാർ അദ്ധ്യാപകർ,യു.ജി.സി ശമ്പള സ്കെയിൽ

Thursday 26 January 2023 12:19 AM IST

തിരുവനന്തപുരം: യു.ജി.സി ശമ്പള സ്കെയിലോടെ, അഞ്ച് വർഷ കരാറിൽ സർവകലാശാലാ അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രോജക്ട് മോഡിൽ ആരംഭിക്കുന്ന പുതുതലമുറ കോഴ്സുകളിലാണ് നിയമനം.

മികച്ച അദ്ധ്യാപകരെ അഞ്ചു വർഷത്തിനു ശേഷം അഭിമുഖം നടത്തി സ്ഥിരപ്പെടുത്താമെന്നാണ് യു.ജി.സി ചട്ടം. ഇക്കാര്യം വാഴ്സിറ്രികൾക്ക് തീരുമാനിക്കാമെന്ന് മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്താദ്യമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ആയു‌ർവേദ വകുപ്പിൽ തുടങ്ങുന്ന പി.ജി ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് വെൽനെസ് ആൻഡ് റീഹാബിലിറ്റേഷൻ എന്ന കോഴ്സിലാണ് ഒരു അസി.പ്രൊഫസറെ നിയമിക്കുന്നത്. അടിസ്ഥാന ശമ്പളവും ഡി.എയുമടക്കം യു.ജി.സി സ്കെയിലിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വാർഷിക ശമ്പള വർദ്ധവുമുണ്ടാവും. ഓരോ വർഷവും അദ്ധ്യാപകനെ വിലയിരുത്തി കരാർ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യും.

കേരള, എം.ജി., കാലിക്ക​റ്റ്, സംസ്കൃതം, കണ്ണൂർ, കുസാ​റ്റ്, നുവാൽസ് സർവകലാശാലകളിൽ തുടങ്ങുന്ന മൂന്നുവീതം കോഴ്സുകളിൽ ഇത്തരത്തിൽ അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഓരോ കോഴ്സിനും മൂന്നുവീതം അദ്ധ്യാപകരെയാണ് നിയമിക്കുക. നിലവിൽ കരാർ നിയമനം ഒരു വർഷത്തേക്കാണ്. ചെറിയ ശമ്പളമാണ് ലഭിക്കുന്നത്.

ഒരുവർഷത്തേക്കുള്ള കരാർ നിയമനം അദ്ധ്യാപന നിലവാരത്തെ ബാധിക്കുന്നതിനാലാണ് ഐ.ഐ.ടികളിലെ ‘ടെന്യൂർ ട്രാക്ക് ’ മാതൃകയിൽ 5വർഷ നിയമനം. ഇങ്ങനെ നിയമിതരാവുന്നവരെ സഹഅദ്ധ്യാപകരും വിദ്യാർത്ഥികളും ഓരോവർഷവും വിലയിരുത്തും. പ്രകടനം മോശമായാൽ കരാർ റദ്ദാക്കി ഒഴിവാക്കും.

50 കോളേജുകളിലും

കോഴ്സ്, നിയമനം

വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ 50 കോളേജുകളിലും പുതുതലമുറ കോഴ്സുകൾ ആരംഭിക്കും. ഇവിടെയും 5 വർഷ കരാറിൽ അദ്ധ്യാപകരെ നിയമിക്കും.

സർവകലാശാലയിലെ

പുതുതലമുറ കോഴ്സ്

മെഷീൻ ലേണിംഗ്, ഇൻഡസ്ട്രിയൽ ബയോപ്രോസസ്, നാനോടെക്നോളജി, സൈബർ സെക്യൂരിറ്റി, എപ്പിഡമിയോളജി, ഡാറ്റാ സയൻസ്, സെൻസർ സിസ്റ്റം, മറൈൻ ജീനോമിക്സ്, ദുരന്തലഘൂകരണം എന്നീ എം.എസ്‌സി കോഴ്സുകളാണ് വാഴ്സിറ്റികളിൽ ആരംഭിക്കുക.

ശമ്പളം

അസിസ്റ്റന്റ് പ്രൊഫസർ.....................57,700

അസി. പ്രൊഫസർ ഗ്രേഡ് 2.............68,900

അസോസിയേറ്റ് പ്രൊഫസർ ............1,31,400

പ്രൊഫസർ..............................................1,44,200

സീനിയർ പ്രൊഫസർ .......................1,82,000