ദേശീയ സമ്മതിദാനദിനം: വോട്ടവകാശപ്രതിജ്ഞ ചൊല്ലി ഗവർണർ

Thursday 26 January 2023 12:27 AM IST

തിരുവനന്തപുരം: ദേശീയ വോട്ടവകാശ ദിനം വിവിധ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സമ്മതിദാന പ്രതിജ്ഞയും അദ്ദേഹം ചൊല്ലികൊടുത്തു.പരിഷ്‌കൃത സമൂഹത്തിന്റെ പ്രതിഫലനമാണ് ജനാധിപത്യത്തിന്റെ നിലനിൽപ്പെന്ന് ഗവർണർ പറഞ്ഞു.

സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. പുതുതലമുറക്ക് തിരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാൻ കേരളത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുന്നതായി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിശദീകരിച്ചു.

ഒറ്റ വോട്ടർ പട്ടികയിലൂടെ നിയമസഭ,ലോക്സഭ,തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കുന്ന രീതിയിലേക്ക് വോട്ടർ പട്ടിക പരിഷ്‌കരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പറഞ്ഞു.

മികച്ച പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലാവരണാധികാരി വി.ആർ.കൃഷ്ണതേജ,സ്പെഷ്യൽ സമ്മറി റിവിഷനിൽ തിരുവനന്തപുരം ജില്ലാവരണാധികാരി ജെറോമിക് ജോർജ്ജ് എന്നിവർക്ക് ചടങ്ങിൽ ഗവർണർ പുരസ്കാരങ്ങൾ നൽകി.ഇലക്ഷൻ ഐക്കണുകളായ നഞ്ചിയമ്മ,ടിഫാനിബ്രാർ,രഞ്ചുരഞ്ചിമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീംസോംഗ് ചടങ്ങിൽ പുറത്തിറക്കി.