കെ. പ്രകാശനും ജിപ്സൺ വി.പോളും പുതിയ പി.എസ്.സി അംഗങ്ങൾ

Thursday 26 January 2023 1:17 AM IST

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി കെ. പ്രകാശൻ,ജിപ്സൺ വി. പോൾ എന്നിവരെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശൻ സി.പി.എമ്മിന്റെയും ജിപ്സൺ പോൾ സി.പി.ഐയുടെയും പ്രതിനിധികളാണ്. സി.പി.എം പ്രതിനിധി സുരേശനും സി.പി.ഐ പ്രതിനിധി ജിനു സക്കറിയ ഉമ്മനും വിരമിച്ച ഒഴിവുകളിലേക്കാണ് നിയമനം. ജനതാദൾ-എസ് പ്രതിനിധി പരശുവയ്ക്കൽ രാജേന്ദ്രൻ അടുത്തിടെ കാലാവധി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒഴിവിലേക്ക് പകരം നിയമനമായിട്ടില്ല. പി.എസ്.സിയിൽ ചെയർമാൻ ഉൾപ്പെടെ 21അംഗങ്ങളാണ്.രണ്ട് നിയമനങ്ങൾ കൂടി മന്ത്രിസഭായോഗം ഇന്നലെ അംഗീകരിച്ചതോടെ പി.എസ്.സി അംഗസംഖ്യ ഇപ്പോൾ ചെയർമാൻ ഉൾപ്പെടെ 20ആയി ഉയർന്നു. കണ്ണൂർ സ്വദേശിയായ കെ. പ്രകാശൻ കണ്ണൂർ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സി.പി.എം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹിയുമാണ് പ്രകാശൻ.സുൽത്താൻ ബത്തേരി സ്വദേശിയായ ജിപ്സൺ വി. പോൾ സുൽത്താൻ ബത്തേരി സെന്റ്മേരീസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ്.