വിമാനയാത്ര മുടങ്ങിയാൽ 75% തിരികെ ലഭിക്കും

Thursday 26 January 2023 2:30 AM IST

ന്യൂഡൽഹി: അന്താരാഷ്ട്ര-ആഭ്യന്തര വിമാനയാത്രയിൽ യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ ചെയ്തുകൊണ്ട് സി.എ.ആറിൽ (സിവിൽ ഏവിയേഷൻ റിക്വയർമെന്റ്) ഭേദഗതി. വിമാനങ്ങൾ റദ്ദാക്കൽ, കാലതാമസം തുടങ്ങിയ കാരണങ്ങളാൽ

യാത്ര മുടങ്ങിയാൽ ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ നൽകണം. വിദേശ യാത്രകൾക്ക് ദൂരം, കണക്റ്റഡ് ഫ്ളൈറ്റ് തുടങ്ങിയവ പരിഗണിച്ച് മൂന്നുവിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക. ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റേതാണ് (ഡി.ജി.സി.എ) നിർദ്ദേശം. വിദേശയാത്രകൾക്ക് 1,500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 30 ശതമാനവും 1,500 മുതൽ 3,500 കിലോമീറ്റർ വരെ 50 ശതമാനവും ലഭിക്കും. 3,500 കിലോമീറ്ററിൽ കൂടുതൽ നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75 ശതമാനം ലഭിക്കും.

പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഭേദഗതി.