കൊല്ലത്തേക്ക് കൊച്ചിയിൽ നിന്ന് തീരദേശ സർവീസ്

Thursday 26 January 2023 1:32 AM IST

 കൊച്ചിൻ പോർട്ട് അധികൃതർ കൊല്ലം തുറമുഖം സന്ദർശിച്ചു

കൊല്ലം: കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് തീരദേശ കപ്പൽ സർവീസ് ആരംഭിക്കാൻ കൊച്ചിൻപോർട്ട് അതോറിറ്റിയുടെ (സി.പി.ടി) ആലോചന. നിലവിൽ തൂത്തുക്കുടി കേന്ദ്രീകരിച്ച് നടക്കുന്ന തോട്ടണ്ടി ഇറക്കുമതിയും കശുഅണ്ടി കയറ്റുമതിയും പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

കൊല്ലത്തേക്കുള്ള തോട്ടണ്ടി ഇറക്കുമതി പതിറ്റാണ്ടുകളായി തൂത്തുക്കുടി തുറമുഖം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അത് കൊല്ലം തുറമുഖം വഴിയാക്കാൻ കൊല്ലം പോർട്ട് അധികൃതർ പലതവണ ശ്രമിച്ചിട്ടും നടന്നില്ല. ഇതിനിടിയിലാണ് കൊച്ചി പോർട്ട് അതോറിറ്റിയുടെ ഇടപെടൽ. വിദേശരാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി കൊച്ചിയിലെത്തിച്ച ശേഷം കപ്പലിൽ തന്നെ കൊല്ലത്തേക്ക് കൊണ്ടുവരാനാണ് ആലോചന. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചിൻ പോർട്ട് അതോറിറ്റി ഡെപ്യൂട്ടി മാനേജരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കൊല്ലത്തെ അടിസ്ഥാന സൗകര്യങ്ങളിൽ സി.പി.ടി അധികൃതർ തൃപ്തരാണെന്നാണ് പ്രാഥമിക വിവരം.

കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം വിജയകരമായാൽ മറ്റിനങ്ങളിലും തീരദേശ സർവീസ് പ്രയോജനപ്പെടുത്താൻ സി.പി.ടിക്ക് ആലോചനയുണ്ട്.

കശുഅണ്ടി വ്യവസായികളുമായി ചർച്ച

കൊച്ചിൻ പോർട്ട് അതോറിറ്റി അധികൃതരും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ നടത്തിപ്പുകാരായ ദുബായ് പോർട്ട് വേൾഡും കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് ജില്ലയിലെ കശുഅണ്ടി കയറ്റുമതി രംഗത്തുള്ള വ്യവസായികളുമായി ചർച്ച നടത്തി. ചരക്ക് നീക്കം തൂത്തുക്കുടിക്ക് പകരം കൊച്ചി- കൊല്ലം വഴിയാക്കണമെന്ന നിർദേശത്തോട് ഭൂരിഭാഗം വ്യവസായികളും അനുകൂലമായാണ് പ്രതികരിച്ചത്. ചരക്ക് നീക്കത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യവസായികൾ പങ്കുവച്ചു. തോട്ടണ്ടി കപ്പലിൽ തന്നെ കൊല്ലത്തേക്ക് കൊണ്ടുവരുമ്പോൾ തൂത്തുക്കുടിയിൽ നിന്ന് റോഡ് മാർഗം കൊണ്ടുവരുന്നതിനേക്കാൾ ചെലവ് കുറയുമെന്ന വാഗ്ദാനം സി.പി.ടി അധികൃതർ പങ്കുവച്ചു. ചരക്ക് നീക്കത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പും നൽകി.

കൊല്ലം കൊച്ചിയുടെ ഉപഗ്രഹ തുറമുഖം

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കൊല്ലം തുറമുഖത്തെ കൊച്ചി പോർട്ടിന്റെ ഉപഗ്രഹമാക്കാനും ആലോചനയുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ സ്ഥലപരിമിതി കാരണം കൊച്ചി തുറമുഖത്ത് ഏർപ്പെടുത്താൻ കഴിയാത്ത സൗകര്യങ്ങൾ കൊല്ലത്ത് ഒരുക്കും. കപ്പലുകളുടെ അറ്രകുറ്റപ്പണിക്കുള്ള കേന്ദ്രം, കൂടുതൽ സംഭരണ സംവിധാനം, ചരക്കുകൾ കയറ്റിയിറക്കാനുള്ള വിവിധ ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് സഹായം കിട്ടാൻ സാദ്ധ്യതയുണ്ട്.